LIBRARY



സാമ്പത്തിക സന്തുലിതത്വത്തിന്‌

ഹസന്‍. ടി. കരുവാരകുണ്ട്‌
ഏറ്റവും പുതിയ കണക്ക്‌ പുറത്തുവന്നപ്പോള്‍ ലോകജനസംഖ്യ 689 കോടി കവിഞ്ഞിട്ടുണ്ട്‌. ഇത്രയും കോടി ജനങ്ങളില്‍, അന്താരാഷ്‌ട്ര ദാരിദ്ര്യരേഖയനുസരിച്ച്‌, 1.25 ഡോളര്‍ വരുമാനമില്ലാത്ത ദിരിദ്രര്‍ 140 കോടിയാണ്‌. വേള്‍ഡ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇക്കണോമിക്‌സിന്റെ പഠന റിപ്പോര്‍ട്ട്‌ പ്രകാരം 90കോടി ജനങ്ങല്‍ വിശപ്പടക്കാതെയാണ്‌ അന്തിയുറങ്ങാന്‍ ഒരുങ്ങുന്നത്‌. ആക്ഷന്‍ എയ്‌ഡ്‌ ഇന്റര്‍നാഷണലിന്റെ അഭിപ്രായ പ്രകാരം ഓരോ ആറ്‌ സെക്കന്റിലും ഒരു കുഞ്ഞ്‌ എന്ന കണക്കില്‍ പോഷകാഹാരക്കുറവ്‌ മൂലം മരണത്തെ അഭിമുഖീകരിക്കുന്നു. മറ്റൊരു കണക്ക്‌ സൂചിപ്പിക്കുന്നത്‌ ലോകത്തിലെ ആറില്‍ ഒരാള്‍ ആഹാരത്തിന്‌ വകയില്ലാതെ കഷ്‌ടപ്പെടുന്നുവെന്നാണ്‌. ഡബ്ല്യു.എഫ്‌.പിയുടെ കണക്കനുസരിച്ച്‌ 200 ലക്ഷത്തിലേറെ കുട്ടികള്‍ ഭക്ഷ്യക്ഷാമത്തെ അഭിമുഖീകരിക്കുന്നു. 



80ലക്ഷം മുതല്‍ ഒരു കോടിവരെ ജനങ്ങള്‍ മുഴുപട്ടിണിയില്‍ കഴിയുന്ന സോമാലിയ, എതോപ്യ, എരിത്രിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലെ 200 അഭയാര്‍ത്ഥികള്‍, യാത്രചെയ്‌തിരുന്ന നാടന്‍ ബോട്ട്‌ കത്തി മരണമടഞ്ഞത്‌ ഇക്കഴിഞ്ഞ ജൂലൈ അഞ്ചിനാണ്‌. പട്ടിണിയകറ്റാന്‍ ചെങ്കടലിന്റെ മറുകരയിലെ സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേയാണ്‌ ദുരന്തം സംഭവിച്ചത്‌. വരള്‍ച്ചയും ക്ഷാമവും മൂലം ഭക്ഷ്യസാധനങ്ങള്‍ക്ക്‌ ഇരട്ടിയിലധികം വില ഈടാക്കുന്ന ഈ രാജ്യങ്ങളില്‍ തീ വിലക്കും ഭക്ഷ്യവസ്‌തുക്കള്‍ ലഭ്യമല്ലെന്നാണ്‌ അവിടങ്ങളില്‍ നിന്നും ലഭ്യമാവുന്ന വിവരം. ഉത്തര കൊറിയയിലെ അഭയാര്‍ത്ഥി ദിനംപ്രതി 1200 കുട്ടികളാണത്രെ എത്തിക്കൊണ്ടിരിക്കുന്നത്‌. യു.എന്‍. സഹായത്തോടെ നടന്നുവരുന്ന ഈ ക്യാമ്പുകളില്‍ തൊണ്ണൂറായിരം പേരെ സംരക്ഷിക്കാനുള്ള സൗകര്യമേ ഉള്ളൂ. ഇതിനകം അവിടെ എത്തിപ്പെട്ടവരാവട്ടെ മുന്നേമുക്കാല്‍ ലക്ഷത്തിലധികവും. 1984-85ല്‍ എതോപ്യയില്‍ മാത്രം പട്ടിണി മൂലം പത്തുലക്ഷം പേരാണ്‌ മരണമടഞ്ഞത്‌. അധിനിവേഷ അഫ്‌ഗാനില്‍ ഐക്യരാഷ്‌ട്രസഭയുടെ കണക്കുപ്രകാരം........തുടര്‍ന്ന്  വായികുക 
ഒരു കോടിയാളുകള്‍ ക്ഷാമ ബാധിതരാണ്‌. ഭക്ഷ്യ സുരക്ഷയില്ലാത്തവരുടെ എണ്ണം എഴുപത്തി മൂന്ന്‌ ലക്ഷവും. വിദൂരമല്ലാത്ത ഭാവിയില്‍ അഴുപത്തി മൂന്ന്‌ ലക്ഷത്തില്‍ നിന്ന്‌ ആ കണക്ക്‌ 30 ലക്ഷം കോടിയിലെത്തുമെന്നാണ്‌ യു.എന്‍. റിപ്പോര്‍ട്ട്‌. 
ലോകത്ത്‌ ദാരിദ്ര്യവും പട്ടിണിയും വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌ ജനസംഖ്യയുടെ ആധിക്യമാണ്‌. ധാര്‍മികതയോടും യാഥാര്‍ത്ഥ്യത്തോടും ഈ വാദത്തിന്‌ പുലബന്ധംപോലുമില്ല. ``ഭൂമിയിലുള്ള ഒരു ജീവിക്കെങ്കിലും ആഹാരം നല്‍കുവാനുള്ള ഉത്തരവാദിത്തം അല്ലാഹു ഏറ്റെടുക്കാതിരുന്നിട്ടില്ല''(ഹൂദ്‌ 6) എന്നാണ്‌ ഖുര്‍ആന്റെ പ്രഖ്യാപനം. ഇതുസംബന്ധമായി ഗവേഷണം നടത്തിയ പലരും ഖുര്‍ആന്റെ അധ്യാപനത്തെ ശരിപ്പെടുത്തുന്നതായി കാണാം. ഭൂമിയില്‍ ജീവിക്കുന്നവരുടെ എണ്ണം വര്‍ധിച്ചത്‌ കൊണ്ടോ കാലാവസ്ഥയിലെ താളപ്പിഴകൊണ്ടോ അല്ല ദാരിദ്ര്യം ഉണ്ടാകുന്നത്‌. മറിച്ച്‌ ഭൂലോകത്തെ ഭക്ഷ്യ ശേഖരം മുഴുവന്‍ ഒരു കൂട്ടം ധനികര്‍ ഉപയോഗിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്‌ കൊണ്ടാണ്‌ പട്ടിണിയും ദാരിദ്ര്യവും നാള്‍ക്കുനാള്‍പെരുകുന്നതെന്നാണ്‌ അമേരിക്കന്‍ ശാസ്‌ത്രജ്ഞനായ ഡോ. സൂസന്‍ ജോര്‍ജ്‌ അഭിപ്രായപ്പെടുന്നത്‌. ലോകത്ത്‌ ആവശ്യമുള്ളത്ര വിഭവങ്ങള്‍ ഉല്‍പാദിപ്പിക്കെപ്പെടുന്നുണ്ടെന്നും വിതരണം നീതിപൂര്‍വവും ശാസ്‌ത്രീയവുമല്ലാത്തതാണ്‌ പ്രശ്‌നമെന്നും ബെര്‍ണഡ്‌ഗിലന്റെ, റോജര്‍ വൈല്‍ എന്നിവര്‍ വെളിപ്പെടുത്തുന്നുണ്ട്‌. 
ലോകത്തിലെ പ്രായപൂര്‍ത്തിയായ മനഷ്യരുടെ എണ്ണത്തിന്റെ ഒരു ശതമാനം മാത്രമുള്ള കോടീശ്വരന്മാരാണ്‌ ലോക സമ്പത്തിന്റെ 40 ശതമാനം കൈവശപ്പെടുത്തിയിരിക്കുന്നത്‌. പത്തു ശതമാനത്തിന്റെ കൈയിലാണ്‌ ലോക ആസ്‌തിയുടെ 85 ശതമാനമുള്ളത്‌. ഇവരില്‍ മൂന്നില്‍ ഒരു ഭാഗം വാഴുന്നത്‌ അമേരിക്ക, ഫ്രാന്‍സ്‌, ഇംഗ്ലണ്ട്‌, ജപ്പാന്‍ എന്നീ രാജ്യങ്ങളിലാണ്‌. ദരിദ്ര രാജ്യങ്ങളിലെ പ്രായപൂര്‍ത്തിയായ മനുഷ്യരില്‍ പകുതി പേര്‍ക്കും ലഭിക്കുന്നത്‌ ലോക സമ്പത്തിന്റെ ഒരു ശതമാനം മാത്രമാണത്രെ. വേള്‍ഡ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡവലപ്‌മെന്റ്‌ ഇക്കണോമിക്‌സ്‌ നടത്തിയ പഠനമാണ്‌ സമ്പത്തിന്റെ അമിത കേന്ദ്രീകരണത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടത്‌. 
40 കോടി പട്ടിണിപ്പാവങ്ങളുള്ള ഇന്ത്യയില്‍ 500 കോടി രൂപയുടെ ഗോതമ്പും പയര്‍ വര്‍ഗങ്ങളും കന്നുകാലികള്‍ക്ക്‌ പോലും പറ്റാത്തവിധം നിഷ്‌ഫലമാക്കിക്കളഞ്ഞതിന്‌ പരമോന്നത നീതിപീഠം ഗവണ്‍മെന്റിനെ ഈയിടെ ശാസിക്കുകയുണ്ടായി. ഇതുപോലെ അമേരിക്കയില്‍ ഉല്‍പാദിപ്പിക്കുന്ന ചോളത്തിന്റെ മൂന്നില്‍ ഒരുഭാഗം ജൈവ ഇന്ധനത്തിനാണ്‌ ഉപയോഗിക്കുന്നത്‌. ഈ ഹൃസ്വ വിശകലനത്തില്‍ നിന്നും ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കാരണങ്ങള്‍ ഗ്രാഹ്യമാണല്ലോ. ഈ ദുരവസ്ഥയില്‍നിന്ന്‌ ലോകത്തെ സംരക്ഷിക്കാന്‍ പല സാമ്പത്തിക നയങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. അല്‍ബേനിയ, റഷ്യ, റുമേനിയ തുടങ്ങിയ പല രാജ്യങ്ങളുടെയും സാമ്പത്തികാടിത്തറ തകര്‍ത്ത പിരമിഡ്‌ സ്‌കീം ദാരിദ്ര്യവും പട്ടിണിയും നിര്‍മാര്‍ജനം ചെയ്യപ്പെടാന്‍ വേണ്ടി ആവിഷ്‌കരിക്കപ്പെട്ടതായിരുന്നു. നമുക്ക്‌ സുപരിചിതമായ ആര്‍.എം.പി., ആംവേ, ബിസേര്‍, ടൈക്കൂണ്‍, നാനോ എക്‌സല്‍, മോഡികെയര്‍, അജന്ത കെയര്‍, കോണിബയോ, ഗുഡ്‌വേ തുടങ്ങിയ മള്‍ട്ടിലെവല്‍ മാര്‍കറ്റിംഗിന്റെ പടിഞ്ഞാറന്‍ രൂപഭേദമാണ്‌ പിരമിഡ്‌ സ്‌കീം. നെറ്റ്‌ വര്‍ക്ക്‌ മാര്‍ക്കറ്റിംഗ്‌ കമ്പനികള്‍ തീര്‍ത്ത മോഹവലയങ്ങളില്‍ വഞ്ചിതരായതില്‍ അധികവും നിത്യ ജീവിതം തള്ളിനീക്കാന്‍ പാടുപെടുന്നവരാണ്‌. ദാരിദ്ര്യത്തിന്റെ പിടിയില്‍ നിന്ന്‌ എങ്ങനെയങ്കിലും രക്ഷപ്പെടാന്‍ വേണ്ടിയാണ്‌ അവര്‍ ഇത്തരം കമ്പനികളില്‍ അഭയം തേടിയത്‌. സ്വപ്‌ന ജീവികളായ ഇത്തരക്കാര്‍ ചൂഷണം ചെയ്യപ്പെടുക മാത്രമല്ല, സ്വന്തമെന്ന്‌ പറയപ്പെടാവുന്നതൊക്കെ നഷ്‌ടപ്പെടുത്തുകയും ചെയ്‌തു. 
ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സാമ്പത്തിക സമത്വത്തിനും വേണ്ടി അവതരിപ്പിക്കപ്പെട്ട സോഷ്യലിസത്തിന്‌ ലക്ഷ്യവും മാര്‍ഗവും ഒരുപോലെ പിഴച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കാപിറ്റലിസത്തിന്റെ ചൂഷണങ്ങള്‍ക്കും കമ്യൂണസിത്തിന്റെ ദുര്‍വാശിക്കുമിടയില്‍ മറ്റൊരു സാമ്പത്തികബദല്‍ സംവിധാനത്തിനേ ലോകത്തിന്റെ പരാധീനതകള്‍ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. ആ ബദല്‍ സിദ്ധാന്തമാണ്‌ ഇസ്‌ലാമിലെ സാമ്പത്തിക വ്യവസ്ഥ. സാമ്പത്തിക ചൂഷണമോ അസാധ്യമായ സമത്വമോ ഇസ്‌ലാം അംഗീകരിക്കുന്നില്ല. രണ്ടിനെയും ഒരുപോലെ നിരാകരിക്കുകയാണ്‌ ചെയ്യുന്നത്‌. 
ബനൂ ഖുറൈളയില്‍ നിന്നും സംഘട്ടനമില്ലാതെ പിടിച്ചെടുത്ത സമ്പത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം അല്ലാഹുവിനും അതിന്റെ കൈവശാവകാശം റസൂലിനും അടുത്ത കുടുംബങ്ങള്‍ക്കും അനാധര്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കുമാണന്ന്‌ വിശദീകരിച്ച ശേഷം അതിന്റെ കാരണം അല്ലാഹു പറയുന്നത്‌ ``ധനികര്‍ക്കിടയില്‍ സമ്പത്ത്‌ കൈമാറ്റം ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടിയാണിത്‌'' എന്നാണിത്‌. ഇസ്‌ലാമിലെ ധനതത്വശാസ്‌ത്രത്തിന്റെ അടിസ്ഥാനമായി ഈ ഖുര്‍ആന്‍ വാക്യത്തെ നമുക്കവതരിപ്പിക്കാനാവും. സമ്പത്ത്‌ ഒരാളില്‍ കേന്ദ്രീകരിച്ച്‌ അതുകൊണ്ട്‌ മറ്റുള്ളവര്‍ക്ക്‌ ഉപകാരം ലഭിക്കാതെ പോവുന്നതിനെ ഇസ്‌ലാം വിലക്കിയിട്ടുണ്ട്‌. സകാത്ത്‌, സ്വദഖ, ഭക്ഷണില്ലാത്തവര്‍ക്ക്‌ ഭക്ഷണം നല്‍കല്‍, വസ്‌ത്രം നല്‍കല്‍ ഇതിനെല്ലാം ഇസ്‌ലാം വലിയ പുണ്യം കല്‍പിച്ചിട്ടുണ്ട്‌. എണ്ണമറ്റ ഹദീസുകളില്‍ നിര്‍ബന്ധമായ സകാത്തിനെ സംബന്ധിച്ച്‌ നബി(സ) പരാമര്‍ശിച്ചിട്ടുണ്ട്‌. ഖുര്‍ആനില്‍ മുപ്പത്‌ തവണയാണ്‌ സകാത്ത്‌ എന്ന പദം ആവര്‍ത്തിച്ചിട്ടുള്ളത്‌. നിസ്‌കാരം, നോമ്പ്‌, ഹജ്ജ്‌ തുടങ്ങിയ ഇബാദത്തുകളില്‍ പുലര്‍ത്തുന്ന കണിശത പലപ്പോഴും സകാത്തില്‍ നാം കാണിക്കാറില്ല. അവയാവട്ടെ അല്ലാഹുവിനോടുമാത്രം ചെയ്‌തു തീര്‍ക്കേണ്ട ബാധ്യതകളാണ്‌. സകാത്ത്‌ ഒരു ഇബാദത്ത്‌ മാത്രമല്ല, അതിന്റെ അവകാശികളുടെ അവകാശം കൂടിയാണ്‌. മനുഷ്യന്റെ ബാധ്യത കൂടി അതിലുണ്ടെന്ന്‌ വ്യക്തം. സകാത്തിലൂടെ മാത്രം ദാരിദ്ര്യ നിര്‍മാര്‍ജനവും സുഭിക്ഷതയും സമ്പൂര്‍ണമാക്കാന്‍ ഒരുപക്ഷേ കഴിഞ്ഞെന്നുവരില്ല. അതിനാണ്‌ ഐച്ഛിക ദാനങ്ങളെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്‌. ജീവിത വിഭവങ്ങള്‍ പാഴാക്കിക്കളയുന്നതിനെ നബി(സ) പലപ്പോഴും വിലക്കിയതായി ഹദീസുകളില്‍ കാണാം. അതിലുള്ള ധാര്‍മിക പ്രശ്‌നങ്ങളെ മാത്രം കണക്കിലെടുത്തല്ല നബി(സ) അങ്ങനെ കല്‍പിച്ചത്‌. മറിച്ച്‌ സാമൂഹ്യമായി നിരവധി സന്ദേശങ്ങള്‍ അത്തരം ഹദീസുകളില്‍ നമുക്ക്‌ വായിക്കാനാവും. 
ജാബിറി(റ)ല്‍ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു. നിങ്ങളില്‍ ഒരാളുടെ പക്കല്‍ നിന്ന്‌ അല്‍പം ഭക്ഷണം വീണുപോയാല്‍ അവനത്‌ എടുക്കുകയും അഴുക്കുകള്‍ നീക്കി ഭക്ഷിക്കുകയും ചെയ്യട്ടെ. പിശാചിനുവേണ്ടി അതവന്‍ ഉപേക്ഷിക്കരുത്‌. വിരലുകള്‍ നക്കിത്തുടക്കും വരെ ടവ്വല്‍ ഉപയോഗിച്ചു അവകളെ തുടക്കരുത്‌. കാരണം ഭക്ഷണത്തില്‍ എവിടെയാണ്‌ ബര്‍കത്ത്‌ എന്ന്‌ നിങ്ങള്‍ക്കറിയില്ല (മുസ്‌ലിം). 
സാമ്പത്തിക രംഗത്ത്‌ ശാസ്‌ത്രീയവും പ്രായോഗികവുമായ സമാഹരണ നിര്‍വഹണ സമ്പ്രദായം ഏര്‍പ്പെടുത്തിയതുകൊണ്ടാണ്‌ രണ്ടാം ഉമര്‍ എന്നറിയപ്പെടുന്ന അമവീ ഭരണാധികാരി ഉമര്‍ബിന്‍ അബ്‌ദുല്‍ അസീസിന്റെ കാലത്ത്‌ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനം സാധ്യമായത്‌. ഇസ്‌ലാമിന്റെ സാമ്പത്തിക വീക്ഷണം സാര്‍വത്രികമായി നടപ്പില്‍ വരുത്താന്‍ സാധിക്കുന്ന പക്ഷം ദാരിദ്ര്യ മുക്തരായ ഒരു നവലോകത്തെ നമുക്ക്‌ സ്വപ്‌നം കാണാം.

കടപാട് :- സത്യധാര 

അര്‍ഹിക്കുന്നതും അനുഭവിക്കുന്നതും

മുഹമ്മദ്‌ സിറാജുദ്ദീന്‍ റഹ്‌മാനി വേങ്ങൂര്‍




ഇസ്‌ലാമെന്ന വടവൃക്ഷത്തെ വിശ്വാസിയില്‍ തറച്ച്‌ നിര്‍ത്തുന്ന അഞ്ചു അടിവേരുകളില്‍ നാരായ വേരാണ്‌ സകാത്ത്‌. പഞ്ചസ്‌തംഭങ്ങള്‍ എന്ന്‌ ഒരൊഴുക്കന്‍ മട്ടില്‍ നാം പറഞ്ഞ്‌ പോവുമ്പോഴും അഭിനവ മുസ്‌ലിമിന്റെ പ്രായോഗിക ജീവിതത്തില്‍ ഈ നെടും തൂണുകളില്‍ പലതും ചിതലരിച്ചുകൊണ്ടിരിക്കുകയാണ്‌. ശഹാദത്ത്‌, നിസ്‌കാരം, സകാത്ത്‌, റമളാന്‍ നോമ്പ്‌, ഹജ്ജ്‌ എന്ന മുന്‍ഗണനാക്രമത്തെ അപ്രസക്തമാക്കുന്ന സമവാക്യങ്ങളാണ്‌ പലപ്പോഴും മുസ്‌ലിമിന്റെ പുതിയ ജീവിതക്രമത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്‌. ശഹാദത്ത്‌ കലിമ നാക്കും മനസ്സും ചേര്‍ത്ത്‌ ചൊല്ലി പടിഞ്ഞാറോട്ട്‌ അഞ്ചുനേരം കുമ്പിടുന്ന ശരാശരി മുസ്‌ലിം, നോമ്പ്‌, ഹജ്ജ്‌ എന്നിവ പരിഗണനാപൂര്‍വ്വം ചെയ്‌താലും, സകാത്തിനെ സഗൗരവം സമീപിക്കുന്നതില്‍ പരാജയപ്പെടുന്നതിന്റെ രസതന്ത്രവും ഗണിതശാസ്‌ത്രവും എന്താണെന്ന്‌ `ഒരെത്തും പിടിയും' കിട്ടുന്നില്ല. സകാത്തേതര ആരാധനകളില്‍ കാണുന്ന സംഘടിതവും പ്രത്യക്ഷവുമായ രീതിയും പൊതുവായ സമയവും സകാത്തില്‍ ഇല്ലാതെ പോയതിനാലും നാലാളറിയാത്ത ഒരു സ്വകാര്യമായതിനാലുമാവണം പൊതുസമാജത്തില്‍ ഈയൊരു ദുര്‍ഗതി സകാത്തിന്‌ വരവ്‌ വെച്ചത്‌. ``നിസ്‌കാരം അവര്‍ക്ക്‌ പ്രത്യക്ഷമായതിനാല്‍ അവരത്‌ സ്വീകരിച്ചു. സകാത്ത്‌ പരോക്ഷമായതിനാല്‍ അവരത്‌ തിന്നു കളഞ്ഞു. അവരാണ്‌ കപടവിശ്വാസികള്‍'' എന്ന ഇബ്‌നു ഉമര്‍(റ)വില്‍നിന്ന്‌ നിവേദനം ചെയ്‌ത ഹദീസ്‌ (അത്തര്‍ഗീബു വത്തര്‍ഹീബ്‌ 1/543) സകാത്തിന്റെ പരോക്ഷ സ്വഭാവം ദുര്‍ബലവിശ്വാസികളെ സകാത്ത്‌ നിഷേധത്തിലേക്കെത്തിച്ചുവന്നതിന്റെ പൊളിച്ചെഴുത്താണ്‌.

വിശുദ്ധ ഖുര്‍ആനും തിരുവചനവും നിസ്‌കാരത്തോളം സകാത്തിനെയും പറഞ്ഞ്‌ വെച്ചിട്ടുണ്ട്‌. നിസ്‌കാരവും സകാത്തും ഒരു നാണയത്തിന്റെ ഇരുവശങ്ങളെപോലെ ഖുര്‍ആനും സുന്നത്തും എണ്‍പത്തിരണ്ടോളം സ്ഥലങ്ങളില്‍ ചേര്‍ത്തുപറയുമ്പോള്‍ നിസ്‌കരിക്കുന്ന മുസ്‌ലിം വര്‍ഷാവര്‍ഷം തന്റെ മുതല്‍ കൂട്ടിയും കിഴിച്ചും സകാത്ത്‌ കണക്കാക്കുന്നതില്‍ തെല്ല്‌ മനസ്സ്‌ വെക്കാത്തത്‌ തന്റെ സ്വത്വത്തിന്‌ നേര്‍ക്കുള്ള ചോദ്യചിഹ്നമാണ്‌. മുശ്‌രിക്കുകള്‍ നിസ്‌കരിക്കുകയും സകാത്തനുഷ്‌ഠിക്കുകയും ചെയ്യുന്നുവെങ്കില്‍ അവരെ അവരുടെ വഴിക്ക്‌ വിടണമെന്നും അവര്‍ മുസ്‌ലിം സഹോദരന്മാരാണെന്നും വ്യക്തമാക്കുന്ന സൂറത്ത്‌ തൗബയിലെ (5, 11) സൂക്തങ്ങള്‍, കുഫ്‌റിനെയും ഇസ്‌ലാമിനെയും വേര്‍തിരിക്കുന്ന അക്ഷാംശരേഖ നിസ്‌കാരവും സകാത്തുമാണെന്ന്‌ വ്യക്തമാകുന്നു. മുആദ്‌(റ)വിനെ പ്രബോധന ദൗത്യവുമായി യമനിലേക്കയച്ചപ്പോള്‍ നബി(സ്വ) നല്‍കിയ മാര്‍ഗനിര്‍ദ്ദേശം ശ്രദ്ധേയമാണ്‌. ആദ്യം തൗഹീദിലേക്കും രിസാലത്തിലേക്കും അതംഗീകരിച്ചാല്‍ നിസ്‌കാരത്തിലേക്കും അതംഗീകരിച്ചാല്‍ സകാത്തിലേക്കും അവരെ ക്ഷണിക്കണമെന്ന പ്രസ്‌തുത നിര്‍ദ്ദേശം മുസ്‌ലിമിന്റെ മുന്‍ഗണനാക്രമത്തെ അരിക്കിട്ടുറപ്പിക്കുന്നുണ്ട്‌. (ഹദീസ്‌- സ്വഹീഹുല്‍ ബുഖാരി: കിതാബുസ്സകാത്ത്‌) സകാത്ത്‌ കൊടുക്കാതെ നിസ്‌കരിക്കുന്നവരുടെ `അമല്‍' ഉപകരിക്കുന്ന മുസ്‌ലിമല്ലെന്ന ഇമാം അസ്വ്‌ബഹാനി(റ)യുടെ പ്രസ്‌താവം (അത്തര്‍ഗീബ്‌ 1/540) അത്തരം മുസ്‌ലിമിന്റെ സുകൃതങ്ങള്‍ പാഴ്‌വേലയാണെന്ന മുന്നറിയിപ്പാണ്‌ കൈമാറുന്നത്‌.

സകാത്തിന്റെ നിര്‍ബന്ധത്തെ കണ്ണടച്ച്‌ നിഷേധിക്കുന്നവര്‍ കാഫിറാണെന്നതില്‍ പണ്ഡിതര്‍ക്കിടയില്‍ പക്ഷാന്തരമില്ല. നിര്‍ബന്ധമാണെന്ന്‌ വിശ്വാസമുണ്ടെങ്കിലും സകാത്ത്‌ നല്‍കാന്‍ വിസമ്മതിക്കുന്നവനോട്‌ സായുധസമരം നടത്തണമെന്നതിലും, ബലമായി അവന്റെ സകാത്ത്‌ വിഹിതം പിടിച്ചെടുക്കണമെന്നതിലും അവര്‍ക്കിടയില്‍ ഒരേ സ്വരം തന്നെ (ഫത്‌ഹുല്‍ മുഈന്‍ 164). നബി(സ്വ)ക്ക്‌ മാത്രമേ സകാത്ത്‌ നല്‍കേണ്ടതുള്ളൂവെന്ന വിചിത്രവാദവുമായി അവിടത്തെ വഫാത്തിന്‌ ശേഷം രംഗത്ത്‌ വന്ന മുര്‍ത്തദ്ദുകളെ ഒന്നാം ഖലീഫ അബൂബക്കര്‍(റ) `കൈകാര്യം ചെയ്‌തത്‌' ചരിത്രഗ്രന്ഥങ്ങളില്‍ സുവിതിതമാണ്‌. അബൂഹുറൈറ(റ)വില്‍നിന്ന്‌ ഇമാം ബുഖാരി(റ) നിവേദനം ചെയ്‌ത ഹദീസ്‌ ഇത്തരം അസന്നിഗ്‌ധ ഘട്ടങ്ങളില്‍ അബൂബക്കര്‍(റ) കൈകൊണ്ട കരളുറപ്പിന്റെ തുറന്നിടലാണ്‌. `അബൂ ഹുറൈറ(റ)വില്‍നിന്ന്‌ നിവേദനം: നബി(സ്വ) വഫാത്താവുകയും അബൂബക്കര്‍(റ) ഖലീഫയാവുകയും അറബികളില്‍ പലരും കാഫിറാവുകയും ചെയ്‌തപ്പോള്‍ ഉമര്‍(റ) അബൂബക്കര്‍(റ)വിനോട്‌ ചോദിച്ചു: ``നിങ്ങളെങ്ങനെ ജനങ്ങളോട്‌ യുദ്ധം ചെയ്യും? കാരണം നബി(സ്വ) പറഞ്ഞുവല്ലോ- `ലാ ഇലാഹ ഇല്ലല്ലാഹ്‌' എന്നു പറയുന്നതുവരെ ജനങ്ങളോട്‌ യുദ്ധം ചെയ്യാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടു. ആരെങ്കിലും അത്‌ പറഞ്ഞാല്‍ നിശ്ചയം അവന്റെ അന്യായമല്ലാത്ത ധനവും ശരീരവും എന്നില്‍നിന്ന്‌ സുരക്ഷിതമായി. അവന്റെ വിചാരണ അല്ലാഹുവിനാണ്‌. അപ്പോള്‍ അബൂബക്കര്‍(റ) പ്രതിവചിച്ചു: ``അല്ലാഹുവാണേ സത്യം നിസ്‌കാരത്തിനും സകാത്തിനുമിടയില്‍ വിവേചനം കാട്ടിയവരോട്‌ ഞാന്‍ പോരാടുക തന്നെ ചെയ്യും. കാരണം സകാത്ത്‌ ധനത്തിന്റെ കടമയാണ്‌. അല്ലാഹുവാണ്‌ സത്യം, തിരുദൂതര്‍ക്ക്‌ അവര്‍ നല്‍കിയിരുന്ന ഒരു ആട്ടിന്‍കുട്ടിയെ (മറ്റൊരു ഉദ്ധരണിയില്‍ ഒട്ടകത്തെ കെട്ടുന്ന കയര്‍ എന്നുണ്ട്‌) എനിക്കവര്‍ തടഞ്ഞാല്‍ അതിന്റെപേരില്‍ ഞാനവരോട്‌ യുദ്ധം തന്നെ ചെയ്യും.''

ഉമര്‍(റ) പറഞ്ഞു: ``അല്ലാഹുവാണ്‌ സത്യം, ഈ പോരാട്ടത്തിന്‌ അബൂബക്കര്‍(റ)വിന്റെ മനസ്സ്‌ അല്ലാഹു തുറന്ന്‌ കൊടുത്തതല്ലാതെ മറ്റൊന്നുമല്ല. അതിനാല്‍ ഇത്‌ തന്നെയാണ്‌ സത്യമെന്ന്‌ എനിക്ക്‌ ബോധ്യപ്പെട്ടു.'' (സ്വഹീഹുല്‍ ബുഖാരി 1/164) ഈ സകാത്ത്‌ നിഷേധികളെ പിന്നീടുവന്ന എല്ലാ ഖലീഫമാരും ഭരണാധിപന്മാരും കണിശമായി തന്നെ പ്രതിരോധിച്ചതായി കാണാം. `അഞ്ചാം ഖലീഫ' എന്നറിയപ്പെട്ട രണ്ടാം ഉമര്‍, ഉമറുബ്‌നു അബ്ദുല്‍ അസീസ്‌(റ)വിന്റെ കാലത്ത്‌, തന്റെ ഗവര്‍ണ്ണര്‍ ഒരാള്‍ സകാത്ത്‌ നല്‍കാന്‍ വിസമ്മതിക്കുകയാണെന്നറിയിച്ചപ്പോള്‍ മുസ്‌ലിംകളുടെ സകാത്തിന്‌ പകരം അമുസ്‌ലിംകളുടെ ജിസിയ്യ അയാളില്‍നിന്ന്‌ കൈപറ്റണമെന്നാണ്‌ ഉത്തരവിട്ടത്‌ (നോ. മുവത്വഅ്‌ 210). ഇതറിഞ്ഞ്‌ മനക്ലേഷത്തിലായ അദ്ദേഹം സകാത്ത്‌ നല്‍കാന്‍ തയ്യാറായി എന്നത്‌ ഇതിന്റെ ബാക്കി ചരിത്രമാണെങ്കിലും സകാത്ത്‌ നല്‍കാന്‍ മനസ്സില്ലാത്തവനെ ഇസ്‌ലാമില്‍നിന്നും പടിയടച്ച്‌ പിണ്ഡം വെക്കണമെന്ന നേരിന്‌ ശക്തമായ നടപടിയിലൂടെ ഉമര്‍ബ്‌നു അബ്ദുല്‍ അസീസ്‌(റ) അടിവരയിടുകയായിരുന്നു.

ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയില്‍ സകാത്ത്‌ കണക്കാക്കി നല്‍കാന്‍ മറന്ന്‌ പൂത്തപണത്തിനുമേല്‍ അടയിരിക്കുന്ന മുതലാളി വര്‍ഗത്തിന്‌ ഖുര്‍ആനും സുന്നത്തും പറഞ്ഞുവെച്ച മുന്നറിയിപ്പുകള്‍ വളരെ ചെറുതാണ്‌. പരലോകത്ത്‌ അവര്‍ക്ക്‌ ലഭിക്കാനിരിക്കുന്ന ഭയാനകരമായ ശിക്ഷാമുറകളെ സംബന്ധിച്ച്‌ ഖുര്‍ആനും സുന്നത്തും ഒരുപോലെ പരാമര്‍ശിക്കുന്നുണ്ട്‌. ``അല്ലാഹു നല്‍കിയ ഔദാര്യത്തില്‍ പിശുക്കു കാണിക്കുന്നവര്‍ അതവര്‍ക്ക്‌ ഗുണമാണെന്ന്‌ ഒരിക്കലും വിചാരിക്കുന്നത്‌. എന്നാല്‍ അവര്‍ക്കത്‌ ദോഷമാണ്‌. ലുബ്ധ്‌ കാണിച്ച സമ്പത്തിനെ ഖിയാമത്ത്‌ നാളില്‍ അവര്‍ക്കൊരു ഹാരമാക്കും'' (ആലു ഇംറാന്‍ 180) എന്ന സൂക്തത്തിലെ ഹാരം വിഷസര്‍പ്പമാണെന്ന്‌ ഇമാം ബുഖാരി(റ)യും മറ്റു പണ്ഡിതരും നിവേദനം ചെയ്‌ത ഹദീസില്‍ കാണാം. ``അല്ലാഹു സമ്പത്ത്‌ നല്‍കിയിട്ട്‌ സകാത്ത്‌ കൊടുക്കാത്തവന്റെ സമ്പത്തിനെ തലയില്‍ രോമമില്ലാത്ത (മാരക വിഷത്തെയും ആയുര്‍ദൈര്‍ഘ്യത്തെയും കുറിക്കുന്നു) സര്‍പ്പമാക്കി രൂപാന്തരപ്പെടുത്തും. കണ്ണിനുമീതെ രണ്ട്‌ കറുത്ത പുള്ളികളുള്ള ആ നാഗരാജനെ ഖിയാമത്ത്‌ നാളില്‍ അവന്‌ ഹാരമായി ചാര്‍ത്തും. അവന്റെ ഇരു കവിളത്തും കടിച്ച്‌കൊണ്ട്‌ അതു പറയും: ഞാന്‍ നിന്റെ ധനമാണ്‌. ഞാന്‍ നിന്റെ നിധിയാണ്‌.'' (സ്വഹീഹുല്‍ ബുഖാരി 1/165)

സകാത്ത്‌ നല്‍കാതെ ധനത്തെ നിധിയായി സംഭരിച്ച്‌ വെക്കുന്നവര്‍ക്ക്‌ വിശുദ്ധ ഖുര്‍ആന്‍ ശക്തമായ താക്കീത്‌ നല്‍കുന്നുണ്ട്‌. സകാത്തിന്റെ അവകാശികള്‍ കടന്ന്‌ വരുമ്പോള്‍ നെറ്റിചുളിച്ച്‌ പുറം തിരിയുന്നവരുടെ നെറ്റിത്തടവും പുറവും ശരീരമാസകലവും അന്ത്യനാളില്‍ ചൂട്‌ വെക്കപ്പെടുമെന്ന്‌ (`കയ്യ്‌' എന്ന ശിക്ഷാമുറ) ഖുര്‍ആനും ഹദീസും വ്യക്തമാകുന്നു.

``അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതെ സ്വര്‍ണവും വെള്ളിയും സംഭരിച്ച്‌ വെക്കുന്നവരെ വേദനാജനകമായ ശിക്ഷകൊണ്ട്‌ സന്തോഷവാര്‍ത്തയറിക്കുക. ജഹന്നമിന്റെ തീയില്‍ അവ ചുട്ടുപഴിപ്പിക്കുകയും അവരുടെ നെറ്റിത്തടവും ശരീരപാര്‍ശ്വങ്ങളും പുറവും അതുകൊണ്ട്‌ ചൂടുവെക്കുകയും ചെയ്യുന്ന ദിവസം (ആകുന്നു ആ ശിക്ഷ), അവരോട്‌ പറയപ്പെടും നിങ്ങള്‍ക്കുവേണ്ടി നിങ്ങള്‍ നിധിയായി സൂക്ഷിച്ചതാണിത്‌. അതുകൊണ്ട്‌ നിങ്ങള്‍ സൂക്ഷിച്ചുവെച്ചിരുന്നതിനെ നിങ്ങള്‍ ഇപ്പോള്‍ രുചിച്ചറിയുക (തൗബ 35) ഈ ആയത്തിന്റെ വ്യാഖ്യാനം തിരുനബി(സ്വ) തന്നെ വിശദീകരിച്ചത്‌ ശ്രദ്ധേയമാണ്‌. അബൂഹുറൈറ(റ)വില്‍നിന്ന്‌ നിവേദനം: തിരുദൂതര്‍(സ്വ) പറഞ്ഞു- ബാധ്യത കൊടുത്ത്‌ വീട്ടാത്ത സ്വര്‍ണം, വെള്ളി എന്നിവയെ അന്ത്യനാളില്‍ അഗ്നി പലകകളാക്കും. ജഹന്നമിന്റെ തീയില്‍ ആ അഗ്നിപലകകള്‍ക്കുമേല്‍ അതിന്റുടമെ ചൂടാക്കുകയും അവന്റെ ശരീരപാര്‍ശ്വവും നെറ്റിത്തടവും പുറവും അതുകൊണ്ട്‌ ചൂടുവെക്കപ്പെടുകയും ചെയ്യും. അത്‌ തണുക്കുമ്പോഴെല്ലാം ഇത്‌ ആവര്‍ത്തിക്കപ്പെടും. (ദുന്‍യാവിലെ) അമ്പതിനായിരം വര്‍ഷത്തിന്റെ ദൈര്‍ഘ്യമുള്ള (പരലോകത്തെ) ദിവസത്തില്‍ അടിയാറുകള്‍ക്കിടയില്‍ വിധി തീര്‍പ്പാക്കുംവരെ ഇത്‌ തുടരും. സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ പിന്നീടവന്റെ വഴി തെളിയും (സ്വഹീഹു മുസ്‌ലിം 4/53). അര്‍ഹമായവര്‍ക്ക്‌ അര്‍ഹമായത്‌ നല്‍കാതെ ബാങ്ക്‌ ബാലന്‍സ്‌ കൊണ്ടും അമൂല്യ കലവറകളെകൊണ്ടും മേനി നടിക്കുന്നവര്‍ ഈ ബ്രോസ്റ്റ്‌ മോഡല്‍ പൊരിച്ചെടുക്കല്‍ കണ്ടില്ലെന്ന്‌ നടിക്കരുത്‌. ഇത്തരക്കാര്‍ വീണ്ടുവിചാരത്തിന്‌ തയ്യാറായില്ലെങ്കില്‍ വറുചട്ടിയില്‍നിന്ന്‌ എരിതീയിലേക്ക്‌ എറിയപ്പെടുമെന്നതായിരുക്കും അവരുടെ അന്ത്യഗതി. നാളത്തെ എരിതീയിലേക്ക്‌ എറിയപ്പെടുന്ന മൂന്ന്‌ പ്രഥമരില്‍ ഒരാള്‍ സകാത്ത്‌ കൊടുക്കാത്ത സമ്പന്നനാണെന്ന കാര്യം ഇബ്‌നു ഹുസൈമ(റ) തന്റെ സ്വഹീഹില്‍ ഉദ്ധരിച്ച ഒരു ഹദീസ്‌ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്‌.

ആടുമാടുകളുടെ സകാത്ത്‌ നല്‍കാത്തവനോട്‌, അവ തന്നെ നാളെ പ്രതികാരം ചെയ്യുമെന്നാണ്‌ ഇസ്‌ലാമികാധ്യാപനം. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്‌ത ഹദീസ്‌ അതിന്റെ ഭയാനകതയും ഭീകരതയും അറിയിക്കാന്‍ പോന്നതാണ്‌. `ജാബിര്‍(റ)വില്‍നിന്ന്‌ നിവേദനം: അദ്ദേഹം പറഞ്ഞു: ``നബി(സ്വ) പറയുന്നതായി ഞാന്‍ കേട്ടു: കടമ നിര്‍വ്വഹിക്കാത്ത എല്ലാ ഒട്ടകമുതലാളിമാരും അന്ത്യനാളില്‍ മിനുസമുള്ള സമതലത്തില്‍ ഇരിത്തപ്പെടും. അന്നു പൂര്‍വ്വോപരി ശക്തിപെട്ട്‌ വരുന്ന ഒട്ടകങ്ങള്‍ അവയുടെ കാലുകള്‍കൊണ്ടും കുളമ്പുകള്‍കൊണ്ടും അവനെ ചവിട്ടിമെതിക്കും.

കൊമ്പില്ലാത്തതോ മുറിഞ്ഞതോ ആയ ഒന്നും അതിലുണ്ടാവില്ല. കടമ നിര്‍വ്വിഹിക്കാത്ത നിധിയുടമയുടെ നിധി അന്ത്യനാളില്‍ വലിയ വിഷസര്‍പ്പമായി വരും. വാ പിളര്‍ത്തി അതവനെ പിന്തുടരുമ്പോള്‍ കണ്ടമാത്രയില്‍ അവന്‍ അതില്‍നിന്ന്‌ ഒളിച്ചോടും. അപ്പോള്‍ അതവനോട്‌ വിളിച്ച്‌ പറയും: ``നീ ഒളിപ്പിച്ചിരുന്ന നിന്റെ നിധിശേഖരം എടുത്ത്‌ കൊള്ളുക. എനിക്കതാവശ്യമില്ല. അതില്‍നിന്ന്‌ രക്ഷപ്പെടാന്‍ ഒരു പഴുതുമില്ലെന്നവന്‍ മനസ്സിലാക്കുമ്പോള്‍ അതിന്റെ വായിലേക്ക്‌ അവന്‍ കൈകടത്തും. കൂറ്റന്‍ മൃഗങ്ങള്‍ കടിച്ച്‌ പൊട്ടിക്കുംപ്രകാരം അതവന്റെ കൈ കടിച്ച്‌ കീറും (മുസ്‌ലിം ഉദ്ധരണി- അത്തര്‍ഗീബ്‌ 1/537) ജെല്ല്‌ കെട്ടിലും കാളപ്പോരിലും കാളകൂറ്റന്മാര്‍ കൊമ്പുകോര്‍ക്കും പ്രകാരം നാളെ മഹ്‌ശറയുടെ മൈതാനിയില്‍ സകാത്ത്‌ വിഹിതം നല്‍കാത്ത മാടുകര്‍ഷകരെ നാല്‍കാലികള്‍ തന്നെ രാക്ഷസകുളമ്പുകള്‍കൊണ്ട്‌ ചവിട്ടിമെതിക്കുമെന്ന്‌ സാരം.

നാട്ടുനടപ്പില്‍ കൂടുതല്‍ ആഭരണങ്ങള്‍ ധരിക്കുന്ന പെണ്‍മങ്കമാര്‍ സകാത്ത്‌ കൊടുക്കാത്തപക്ഷം അവരുടെ കഴുത്തിലും കൈകാലുകളിലും ധരിക്കുന്ന ആഭരണങ്ങള്‍ ജഹന്നമിലെ ജ്വലിക്കുന്ന തീപന്തങ്ങളാണെന്ന്‌ തിരുനബി(സ്വ) മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ഇമാം അബൂദാവൂദ്‌(റ) തിര്‍മുദി, അഹ്‌മദ്‌(റ) തുടങ്ങിയ ഹദീസ്‌ പണ്ഡിതര്‍ ഉദ്ധരിച്ച ഹദീസ്‌ ഈ മുന്നറിയിപ്പിന്റെ `വാണ്‍ അലാറം' മുഴക്കുന്നുണ്ട്‌. `ശുഐബ്‌(റ) തന്റെ പിതാവില്‍നിന്ന്‌ ഉദ്ധരിക്കുന്നു: ``ഒരു സ്‌ത്രീ, തന്റെ പെണ്‍കുഞ്ഞുമായി നബി(സ്വ)യുടെ അടുക്കല്‍ വന്നു. കുട്ടിയുടെ കൈയില്‍ രണ്ട്‌ കട്ടിയുള്ള കനകവളകളുണ്ട്‌. തദവസരം നബി(സ്വ) അവരോട്‌ ചോദിച്ചു: ``ഇതിന്റെ സകാത്ത്‌ നീ നല്‍കിയോ? ഇല്ലെന്ന്‌ അവര്‍ പറഞ്ഞപ്പോള്‍ നബി(സ്വ) പ്രതിവചിച്ചു: ഖിയാമത്ത്‌ നാളില്‍ ഇതിനുപകരം രണ്ട്‌ അഗ്നിവളകള്‍ അല്ലാഹു അണിയിക്കുന്നത്‌ നിന്നെ സന്തോഷിപ്പിക്കുന്നുവോ?!'' നിവേദകന്‍ തുടര്‍ന്നു: ഉടനെ അവര്‍ അത്‌ രണ്ടുമൂരി നബി(സ്വ)ക്ക്‌ നല്‍കി പറഞ്ഞു: ``ഇവ രണ്ടും അല്ലാഹുവിനും അവന്റെ ദൂതര്‍ക്കുമാണ്‌.'' (അത്തര്‍ഗീബ്‌ വത്തര്‍ഹീബ്‌ 1/555)

അന്യന്‌ അര്‍ഹതപ്പെട്ടത്‌ നല്‍കാത്തിടത്തോളം താനും തന്റെ സമ്പത്തും ദുന്‍യാവില്‍ വെച്ചുതന്നെ പണക്കാരന്‌ ഭാരമാവുമെന്ന്‌ ഒട്ടനവധി ഹദീസുകള്‍ പഠിപ്പിക്കുന്നുണ്ട്‌. ശരീരത്തെയും സമ്പത്തിനെയും ശുദ്ധികലശം വരുത്തുന്ന സകാത്ത്‌ കൊടുക്കാത്തപക്ഷം ശിഷ്‌ടകാലത്ത്‌ അതൊരു അര്‍ബുദം കണക്കെ രൗദ്രരൂപം പ്രാപിക്കും. `സകാത്ത്‌ തടഞ്ഞുവെച്ചത്‌ കൊണ്ടല്ലാതെ കടലിലും കരയിലും ഒരു മുതലും നശിച്ച്‌ പോയിട്ടി'ല്ലെന്ന ഉമര്‍(റ) ഉദ്ധരിച്ച ഹദീസ്‌ (അത്തര്‍ഗീബ്‌ വത്തര്‍ഹീബ്‌ 1/542) ഈ യാഥാര്‍ത്ഥ്യത്തെ ആവോളം ശരിവെക്കുന്നുണ്ട്‌. ശിഷ്‌ടസമ്പത്തിനെ നശിപ്പിച്ചിട്ടല്ലാതെ ഒരു സകാത്ത്‌ വിഹിതവും അതിലേക്ക്‌ കലര്‍ന്നിട്ടില്ലെന്ന്‌ ആഇശാ(റ) ഉദ്ധരിച്ച ഹദീസ്‌ (Ibid 1/543) സകാത്ത്‌ നിഷേധം `വടികൊടുത്ത്‌ അടിവാങ്ങുക' എന്നതിന്റെ മറ്റൊരു പതിപ്പാണെന്ന്‌ പറയാതെ പറയുന്നുണ്ട്‌.

സകാത്ത്‌ നിഷേധം സാമൂഹികമായ പ്രത്യാഘാതങ്ങള്‍ക്കും വഴിമരുന്നിട്ടുണ്ടെന്നതാണ്‌ നേര്‌. സാമ്പത്തികമായ അസമത്വവും ദാരിദ്ര്യവും ക്ഷാമവുമൊക്കെ അതിന്റെ പിരിധിയില്‍വരും. `ക്ഷാമവും ദാരിദ്ര്യവും കൊണ്ട്‌ പരീക്ഷിക്കപ്പെട്ടിട്ടില്ലാതെ ഒരു ജനതയും സകാത്ത്‌ വിസമ്മതിച്ചിട്ടില്ലെന്ന' പ്രവാചകാദ്ധ്യാപനം അതിലേക്കുള്ള ചൂണ്ടുപലകയാണ്‌.

പാവപ്പെട്ടവന്റെ പട്ടിണിക്ക്‌ നിദാനം പണക്കാരന്റെ വിയര്‍ പ്പാണെന്ന്‌ അലി(റ) ഉദ്ധരിച്ച ഒരു ഹദീസ്‌ നമ്മെ പഠിപ്പിക്കുന്നുണ്ട്‌. തിരുദൂതര്‍(സ്വ) പറഞ്ഞു: `പാവപ്പെട്ടവര്‍ക്ക്‌ മതിയാവുന്ന ഒരളവ്‌ മുസ്‌ലിംകളിലെ സമ്പന്നരുടെ മേല്‍ നിശ്ചയം അല്ലാഹു നിര്‍ബന്ധമാക്കിയിട്ടുണ്ട്‌. പട്ടിണിയുടെയും നഗ്നതയുടെയും പ്രയാസം സമ്പന്നരുടെ ചെയ്‌തികൊണ്ടല്ലാതെ പാവപ്പെട്ടവന്‍ അനുഭവിച്ചിട്ടില്ല, അറിയുക നിശ്ചയം അല്ലാഹു അവരെ ശക്തമായ വിചാരണ ചെയ്യുകയും വേദനിക്കുന്ന ശിക്ഷ നല്‍കുകയും ചെയ്യും.' (ത്വബ്‌റാനി, അത്തര്‍ഗീബ്‌ 1/538)

മുതലാളിത്ത വ്യവസ്ഥയുടെ ഫലമായി പണക്കാരന്‍ കൂടുതല്‍ തടിച്ച്‌ കൊഴുക്കുകയും പാവപ്പെട്ടവന്‍ കൂടുതല്‍ മെലിഞ്ഞൊട്ടുകയും ചെയ്യുന്ന നവലോകക്രമത്തില്‍ പാവപ്പെട്ടവന്‌ പണക്കാരന്റെ സമ്പത്തില്‍ അവകാശമുണ്ടെന്ന്‌ നിഷ്‌കര്‍ഷിക്കുന്ന ഇസ്‌ലാമിക പ്രത്യയശാസ്‌ത്രത്തിന്‌ പ്രാധാന്യമേറെയുണ്ട്‌. സകാത്ത്‌ പണക്കാരന്റെ ഔദാര്യമല്ല; പാവപ്പെട്ടവന്റെ അവകാശമാണെന്ന ഇസ്‌ലാമിന്റെ നട്ടെല്ലുള്ള നിലപാടാണ്‌ ഇസ്‌ലാമിക ഭരണ കാലഘട്ടങ്ങളില്‍ സാമ്പത്തിക ഉച്ഛനീചത്വങ്ങളെ തുടച്ച്‌ നീക്കിയത്‌. ക്യാപിറ്റലിസവും സോഷ്യലിസവും മിക്‌സഡ്‌ എക്കോണമിയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുമ്പോള്‍ സാമ്പത്തിക നയങ്ങള്‍ക്ക്‌ മുഖ്യധാരയില്‍ അര്‍ഹമായ പരിഗണന ലഭിക്കാത്തത്‌ ഇസ്‌ലാമോഫോബിയയുടെ ഭാഗമായി വേണം കരുതാന്‍.




അനുബന്ധം

നബി(സ്വ)യുടെ കൂടെ അഞ്ചുനേരം ജമാഅത്ത്‌ നിസ്‌കാരത്തില്‍ പങ്കെടുത്തിരുന്ന പാവപ്പെട്ട സ്വഹാബി സഅ്‌ലബ്‌ ബ്‌നു ഹാത്വിബ്‌ അന്‍സാരി ധനികനാവുകയും സകാത്ത്‌ നിഷേധിയാവുകയും ചെയ്‌ത ചരിത്രശകലം ഇവിടെ ശ്രദ്ധേയമാണ്‌. അബൂ ഉമാമ ബാഹിലീ(റ) പറഞ്ഞു: സഅ്‌ലബബ്‌നു ഹാത്വിബ്‌ അന്‍സാരി ഒരിക്കല്‍ റസൂല്‍(സ്വ)യോട്‌ പറഞ്ഞു: ``എനിക്ക്‌ സമ്പത്ത്‌ നല്‍കാന്‍ അല്ലാഹുവിനോട്‌ നിങ്ങള്‍ പ്രാര്‍ത്ഥിക്കുക.''

നബി(സ്വ) പറഞ്ഞു: ``സഅ്‌ലബ, നിനക്ക്‌ നാശം. നന്ദി ചെയ്യുന്ന കുറഞ്ഞ ധനമാണ്‌ നന്ദി ചെയ്യാനാവാത്ത കൂടുതലുള്ളതിനെക്കാള്‍ ഉത്തമം.'' പിന്നെയും ഈ ആവശ്യം സഅ്‌ലബ ഉന്നയിച്ചപ്പോള്‍ നബി(സ്വ) ഒഴിഞ്ഞുമാറി.

സഅ്‌ലബ ആവര്‍ത്തിച്ചു: അങ്ങയെ സത്യവുമായി നിയോഗിച്ചവന്‍ തന്നെ സത്യം, അങ്ങ്‌ പ്രാര്‍ത്ഥിച്ച്‌ എനിക്ക്‌ സമ്പത്ത്‌ ലഭിച്ചാല്‍ അവകാശികള്‍ക്ക്‌ അവരുടെ അവകാശം ഞാന്‍ തീര്‍ച്ചയായും കൊടുത്തുവീട്ടും.'

ഇത്രയും ആയപ്പോള്‍ നബി(സ്വ) പ്രര്‍ത്ഥിച്ചു. തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ ആട്ടിന്‍പറ്റം മദീനയുടെ താഴ്‌വരകള്‍ നിറഞ്ഞ്‌ കവിഞ്ഞു. അഞ്ചുനേരവും നബി(സ്വ)യുടെ കൂടെ ജമാഅത്തില്‍ പങ്കെടുത്ത സഅ്‌ലബ, ആട്ടിന്‍പറ്റവുമായി മദീന വിട്ട്‌ പോകുന്നതിനാല്‍ ളുഹ്‌റും അസ്വ്‌റും മാത്രം ജമാഅത്തിലൊതുക്കി. പിന്നെയും അവ പെറ്റുപെരുകിയപ്പോള്‍ ജുമുഅ ഒഴികെ എല്ലാ നിസ്‌കാരവും അദ്ദേഹം ഒഴിവാക്കി. അവസാനം തന്റെ വലിയ ആട്ടിന്‍പറ്റം നിമിത്തം ജുമുഅയും അദ്ദേഹം ഒഴിവാക്കി. വര്‍ത്തമാനങ്ങളറിയാന്‍ വെള്ളിയാഴ്‌ചയിലെ യാത്രക്കാരെ അദ്ദേഹം കണ്ടുമുട്ടിത്തുടങ്ങി. ഒരിക്കല്‍ നബി(സ്വ) ചോദിച്ചു: `സഅ്‌ലബക്ക്‌ എന്തുപറ്റി?'' അവര്‍ പറഞ്ഞു: ``അവന്‍ ആട്ടിന്‍പറ്റത്തെ വളര്‍ത്തുകയും അവ മദീന കവിഞ്ഞൊഴുകുകയും ചെയ്‌തു. കാര്യങ്ങള്‍ വിശദമായി അറിഞ്ഞപ്പോള്‍ നബി(സ്വ) `യാ വൈഹ സഅ്‌ലബ' എന്ന്‌ ആവര്‍ത്തിച്ച്‌ നൊമ്പരപ്പെട്ടു. `അവനില്‍നിന്ന്‌ നിങ്ങള്‍ സകാത്ത്‌ പിടിക്കുക' (തൗബ 103) എന്ന ആയത്ത്‌ അവതരിച്ചപ്പോള്‍ സകാത്ത്‌ പിരിക്കാന്‍ അദ്ദേഹത്തിലേക്ക്‌ നബി(സ്വ) രണ്ടുപേരെ അയച്ചു. നബി(സ്വ)യുടെ എഴുത്തുമായി സകാത്ത്‌ ചോദിച്ച്‌ ചെന്നപ്പോള്‍ അദ്ദേഹം സകാത്തെന്ന പുതിയ നിര്‍ബന്ധകാര്യത്തെ നിഷേധിച്ച്‌ പറഞ്ഞു: ``ഇത്‌ ജിസ്‌യ അല്ലാതെ മറ്റൊന്നുമല്ല. ഇതെന്താണെന്ന്‌ എനിക്കറിയില്ല.''

രണ്ട്‌ ദൂതന്മാരും റസൂല്‍(സ്വ)യോട്‌ കാര്യങ്ങള്‍ വിവരിക്കുമുമ്പ്‌ തന്നെ അവരെ കണ്ടമാത്രയില്‍ അവിടന്ന്‌ പരിതപിച്ചു: ``സഅ്‌ലബയുടെ നാശമേ?'' ഉടനെ വിശുദ്ധ ഖുര്‍ആന്‍ സഅ്‌ബയുടെ കാപട്യം തുറന്ന്‌ കാട്ടി സൂക്തങ്ങള്‍ അവതരിച്ചു: ``അല്ലാഹു തന്റെ അനുഗ്രഹത്തില്‍നിന്ന്‌ വല്ലതും നല്‍കിയാല്‍ ഞങ്ങള്‍ തീര്‍ച്ചയായും ധര്‍മം ചെയ്യുമെന്നും സദ്‌വൃത്തരുടെ കൂട്ടത്തിലായി ജീവിച്ചുകൊള്ളാമെന്നും അല്ലാഹുവിനോട്‌ കരാര്‍ ചെയ്‌തവരും അവരില്‍ (കപടവിശ്വാസികളില്‍) തന്നെയുണ്ട്‌. അങ്ങനെ അല്ലാഹു തന്റെ അനുഗ്രഹത്തില്‍നിന്ന്‌ നല്‍കിയപ്പോള്‍ അവരതുകൊണ്ട്‌ പിശുക്ക്‌ കാട്ടുകയും അവഗണിക്കുന്നവരായി പിന്തിരിയുകയും ചെയ്‌തു. അപ്പോള്‍, തന്നെ കണ്ടുമുട്ടുന്ന ദിവസംവരെയും അവരുടെ ഹൃദയങ്ങളില്‍ അല്ലാഹു കാപട്യം കുടിയിരുത്തി; അവര്‍ അല്ലാഹുവുമായി ചെയ്‌ത കരാര്‍ ലംഘിക്കുകയും കളവ്‌ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്‌തതുകൊണ്ട്‌ തന്നെ. അവരുടെ രഹസ്യവും ഗൂഡാലോചനയും അല്ലാഹു അറിയുകതന്നെ ചെയ്യുമെന്നും എല്ലാ മറഞ്ഞ കാര്യങ്ങളും അവനറിയുന്നവനാണെന്നും അവര്‍ ഗ്രഹിച്ചിട്ടില്ലേ? (സൂറത്തു തൗബ 75-78)

ഈ സൂക്തങ്ങള്‍ അവതരിക്കുമ്പോള്‍ നബി(സ്വ)യുടെ അടുക്കലുണ്ടായിരുന്ന സഅ്‌ലബയുടെ ഒരു ബന്ധു അദ്ദേഹത്തിന്റെ അടുക്കല്‍ ചെന്ന്‌ നിന്നെ ആക്ഷേപിച്ച്‌ ഖുര്‍ആന്‍ അവതരിച്ചിരിക്കുന്നുവെന്ന്‌ അറിയിച്ചപ്പോള്‍ അദ്ദേഹം നബിയുടെ അടുക്കല്‍ വന്ന്‌ സകാത്ത്‌ നല്‍കാന്‍ താല്‍പര്യം പ്രകടിപ്പിച്ചു. അപ്പോള്‍ നബി(സ്വ) പറഞ്ഞു:?``നിന്റെ സകാത്ത്‌ സ്വീകരിക്കാന്‍ അല്ലാഹു എന്നെ അനുവദിക്കുന്നില്ല'' കുറ്റബോധത്തോടെ തലയില്‍ മണ്ണ്‌ വാരിയെറിഞ്ഞ്‌ അദ്ദേഹം വീട്ടിലേക്ക്‌ മടങ്ങി. നബി(സ്വ)യുടെ കാലശേഷം മൂന്ന്‌ ഖലീഫമാരുടെ അടുക്കല്‍ വന്ന്‌ സകാത്ത്‌ സ്വീകരിക്കാന്‍ ആവശ്യമുന്നയിച്ചപ്പോള്‍ നബി(സ്വ) സ്വീകരിക്കാത്തത്‌ ഞങ്ങള്‍ സ്വീകരിക്കില്ലെന്ന്‌ പറഞ്ഞവര്‍ കൈമലര്‍ത്തുകയാണുണ്ടായത്‌. അവസാനം ഉസ്‌മാന്‍(റ)വിന്റെ ഭരണകാലത്ത്‌ സഅ്‌ലബയുടെ ദനീയ അന്ത്യം കുറിക്കപ്പെട്ടു (ഇബ്‌നു കസീര്‍ 2/1080, 1081). നബി(സ്വ)യോട്‌ നല്ല സാമീപ്യമുണ്ടായിരുന്ന അന്‍സാരി പ്രമുഖന്‍ സഅ്‌ലബ ദയനീയമായി വിടവാങ്ങിയെങ്കില്‍ അഭിനവ സഅ്‌ലബമാര്‍ ജാഗ്രതൈ.

സലഫുകളും സലഫികളും തമ്മിലെന്ത്?



നമ്മുടെ സമൂഹത്തില്‍ ഒരു ചെറിയ വിഭാഗം ആളുകള്‍ അവരെ തന്നെ സ്വയം പരിചയപ്പെടുത്തുന്ന പേരാണ് സലഫി എന്നത്. മുജാഹിദ് മൌലവിമാരും അവരുടെ കെണി വലയില്‍ അകപ്പെട്ടു തലച്ചോറ് മൌലവിമാര്‍ക്ക് പണയം വെച്ച മുജാഹിദ് പ്രവര്‍ത്തകരും ആണ് ഈ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍. മഹാന്മാരായ ഖുലഫാ-ഉ-രാഷിദീങ്ങളും സ്വഹാബതും ഉള്‍പെട്ട സലഫു സ്വലിഹീങ്ങളുടെ പാത പിന്പറ്റിയവര്‍ എന്നാണു അവര്‍ ഇത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മഹാന്മാരായ സലഫുകളുടെ ജീവിതവും വിശ്വാസവും പ്രവര്‍ത്തിയും നാം ഒരു വേള പരിശോധിക്കുകയാണെങ്കില്‍ നമുക്ക് എല്ലാവര്ക്കും ഒരു കാര്യം വ്യക്തമാകും. "സലഫുകളും സലഫികളും തമ്മിലുള്ള ബന്ധം ആനയും അടക്കയും തമ്മിലുള്ള ബന്ധത്തിനെക്കാളും വളരെ ചെറുതാണ് എന്ന്.


മരണപ്പെട്ട ആളുകളെ വിളിച്ചാല്‍ സലഫികളുടെ ഭാഷയില്‍ അവന്‍ മുശ്രിക് ആയി. പക്ഷെ രസൂലുല്ലാഹി (സ) യുടെ മരണ ശേഷം ആദ്യമായി രസൂലുല്ലാഹി (സ) യെ വിളിച്ചത് സലഫുകളിലെ നേതാവ് അബൂബക്കര്‍ സിദ്ധീഖ് (റ) ആണ്. സലഫികളുടെ ഭാഷയില്‍ അബൂബക്കെര്‍ സിദ്ധീഖ് (റ) മുശ്രിക്. സലഫുകളുടെ നേതാക്കള്‍ എല്ലാവരും മുശ്രിക് എന്ന് പറയേണ്ട ഗതി കേടിലാണ് സലഫികള്‍ ഇപ്പോള്‍ . 


തറാവിഹ് 20 രക്അത് ഒറ്റ ഇമാമിന്റെ കീഴിലാക്കി നിസ്കരിക്കാന്‍ കല്പിച്ചത് ബഹുമാനപ്പെട്ട ഉമര്‍(റ) , പക്ഷെ സലഫികള്‍ക്ക്തറാവിഹ് 20 രക്അത് ബിദ്അത് ആകുന്നു. എന്ന് വെച്ചാല്‍ സലഫികളുടെ ഭാഷയില്‍ ഉമര്‍ (റ) ബിദ്അതിന്റെ ആളാണ്‌. സലഫികള്‍ പറയുന്നത് എല്ലാ ബിദ് അതും നരകതിലെക്കുള്ളത് എന്ന് ആണ്. അപ്പോള്‍ സലഫികള്‍ക്ക്...
ഉമര്‍ (റ) നരകാവകാശി ആണ്. പക്ഷെ റസൂല്‍ (സ) സ്വര്‍ഗം കൊണ്ടാണ് ഉമര്‍ (റ) വിനു സന്തോഷ വാര്‍ത്ത‍ നല്‍കിയത്. മുജാഹിദ് തൌഹീദ് രസൂലുല്ലാഹി മനസ്സിലാക്കിയ , പഠിപ്പിച്ച തൌഹീദ് അല്ല. മാത്രമല്ല തറാവിഹ് വിഷയത്തില്‍ തങ്ങളുടെ വികല വാദം തെളിയിഉക്കാന്‍ ഇമാം ബോഖരിയുടെ പേരില്‍ കള്ള ഹദീസ് നിര്‍മിച്ചു നരകത്തില്‍ സ്ഥാനം ഉറപ്പിക്കുക കൂടിയാണ് സലഫികള്‍ ചെയ്തത്.


ജുമു'അ നിസ്കാരത്തിനു 2 ബാങ്ക് തുടങ്ങി വെച്ചത് ബഹുമാനപ്പെട്ട ഉസ്മാന്‍ (റ) വിന്റെ കാലത്താണ്. അക്കാലതുള്ള ഒരു സ്വഹബതും അത് ബിദ് അത് ആണെന്ന് പറയുകയോ അതിനെ എതിര്‍ക്കുകയോ ചെയ്തില്ല. മാത്രമല്ല ആ പ്രവര്തനത്തോടെ അത് മുസ്ലിം ലോകത്ത് ഇജ്മ' ആയി എന്നാണു മുസ്ലിം ലോകം വിധി എഴുതിയത്. പക്ഷെ സലഫികളുടെ പള്ളിയില്‍ ജുമു'അക്ക് ഒറ്റ ബാങ്ക്. സലഫുകള്‍ പഠിപ്പിച്ച ഇസ്ലാം സലഫികള്‍ അന്ഗീകരിക്കുന്നില്ല. സലഫികളുടെ ഭാഷയില്‍ ജുമു'അ യുടെ 2 ആം ബാങ്ക് ബിദ്'അത് ആണ്. ബിദ്'അതിന്റെ ആളാണ്‌ ഉസ്മാന്‍ (റ). അത് കൊണ്ട് തന്നെ സലഫികള്‍ക്ക് ഉസ്മാന്‍ (റ) നരകത്തിലേക്കുള്ള ആളാണ്‌, പക്ഷെ രസൂലുല്ലാഹി (സ) സ്വര്‍ഗം കൊണ്ടാണ് ഉസ്മാന്‍ (റ) വിനും സന്തോഷ വാര്‍ത്ത‍ അറിയിച്ചത്. 


അങ്ങനെ നോക്കിയാല്‍ ഇസ്ലാമിക ലോകത്ത് മുന്‍ കഴിഞ്ഞ സലഫുകള്‍ എല്ലാം നമ്മുടെ നാട്ടിലുള്ള സലഫികള്‍ക്ക് മുശ്രികും മുബ്'തദിഉം എല്ലാം ആണ്. സലഫുകളെ തള്ളി പറയുന്നവരാണ് അഭിനവ സലഫികള്‍. സലഫുകളെ മുശ്രിക് ആക്കുന്നവരാന് അഭിനവ സലഫികള്‍. പിന്നെ എങ്ങനെ മുജാഹിദ് മതക്കാര്‍ക്ക് സലഫി എന്ന പേര് ചേരും? കള്ള് കുപ്പിക്ക്‌ മുകളില്‍ ചായ എന്ന് എഴുതി ഒട്ടിച്ചത് കൊണ്ട് കള്ള് ചായ ആകുമോ? ഇല്ല. അത് കൊണ്ട് തന്നെ മുജാഹിദുകള്‍ക്ക് സലഫി എന്ന പേരിനു വിദൂരമായ അര്‍ഹത പോലും ഇല്ല. സലഫുകളും സലഫികളും തമ്മില്‍ രാത്രിയും പകലും തമ്മിലുള്ള അന്തരം ഉണ്ട്. ഒരു കാര്യത്തിലും അവര്‍ തമ്മില്‍ ബന്ധം ഇല്ല. 


-അബ്ദുല്‍ ഖാദിര്‍, കക്കയം



കമ്മിറ്റികള്‍ എന്തുകൊണ്ട്‌ എതിര്‍ക്കപ്പെടുന്നു

കെ.സി. ശൗഖത്ത്‌ ഫൈസി
മതത്തിനകത്തേക്ക്‌ തനി യുക്തിവാദം കടന്നുവന്നതിന്റെ ശേഷവിശേഷമാണ്‌ സകാത്ത്‌ കമ്മിറ്റികളെന്ന പേരില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന പലതും. ഇജ്‌തിഹാദ്‌ (ഗവേഷണം) പുരോഗമിച്ചപ്പോഴാണ്‌ ചിലയാളുകള്‍ കമ്മിറ്റിയുണ്ടാക്കാതെ സകാത്ത്‌ കൊടുത്താല്‍ മതിയാവുകയില്ലെന്നും സകാത്ത്‌ സകാത്താകണമെങ്കില്‍ സംഘടിതമായിരിക്കണമെന്നും പറയാന്‍ തുടങ്ങിയത്‌ ഒരു മൗലവി എഴുതുന്നത്‌ കാണുക: ``അതായത്‌ അഗ്നി അഗ്നിയാകാനുള്ള സ്വഭാവഗുണമാണ്‌ അതിന്‌ ചൂടും പ്രകാശവും ഉണ്ടാവുക എന്നത്‌. ഈ സ്വഭാവം നഷ്‌ടപ്പെട്ടാല്‍ അതിന്‌ അഗ്നി എന്ന്‌ പറയുകയില്ല. ഇതുപോലെ സകാത്ത്‌ സകാത്താകാനുള്ള സ്വഭാവഗുണമാണ്‌ അത്‌ സംഘടിതമായി (ജമാഅത്തായി) നിര്‍വഹിക്കപ്പെടുക എന്നത്‌ (ആദര്‍ശ വൈകല്യങ്ങള്‍ പേ. 202) എന്നാല്‍ ഇവര്‍ മുന്‍കാലത്ത്‌ എഴുതിയതിന്‌ വിരുദ്ധമാണിത്‌. കാരണം, അന്ന്‌ സംഘടിതമല്ലെങ്കിലും അത്‌ സകാത്തായി പരിഗണിക്കുമെന്നും അതിന്‌ പണ്ഡിതന്മാരുടെ പിന്‍ബലമുണ്ടെന്നും എഴുതിയിട്ടുണ്ട്‌. അവരുടെ വരികള്‍ തന്നെ കാണുക: ``ആമിലുകളുടെ ഓഹരി ഇല്ലാതാകുന്ന ചില സന്ദര്‍ഭം ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിവരിച്ചിട്ടുണ്ട്‌. അത്‌ സകാത്തിന്റെ ഉടമസ്ഥന്‍ അവകാശികല്‍ക്ക്‌ നേരിട്ട്‌ കൊടുക്കുന്ന സന്ദര്‍ഭമാണെന്ന്‌ അവര്‍ പ്രസ്‌താവിക്കുന്നു'' (അല്‍ഇസ്‌ലാഹ്‌ 1998 ജനുവരി പേ. 11) ചുരുക്കത്തില്‍ നേരിട്ട്‌ നല്‍കിയാല്‍ സകാത്താവുകയില്ല എന്നത്‌ ബിദ്‌അത്താ(പുത്തന്‍വാദി)ണ്‌. 

ഇമാമിനെ (ഇസ്‌ലാമിക ഭരണാധികാരിയെ) ഏല്‍പിച്ചാല്‍ സാധുവാകുമെന്നതിലും തര്‍ക്കമില്ല. എന്നാല്‍ ഇന്ന്‌ ഇസ്‌ലാമിക ഭരണാധികാരി ഇല്ലാത്ത സ്ഥലത്ത്‌ കമ്മിറ്റിയുണ്ടാക്കി ആ കമ്മിറ്റിയെ ഇമാമിന്റെ സ്ഥാനത്ത്‌ നിര്‍ത്താന്‍ ശ്രമിക്കുന്നതും ഇന്നത്തെ മഹല്ല്‌ കമ്മിറ്റി നിശ്ചയിക്കുന്ന ഖാസിമാരെ ഭരണാധികാരികളുടെ സ്ഥാനത്ത്‌ അവരോധിക്കുന്നതും വേണ്ടത്ര മതവിജ്ഞാനമില്ലാത്തതുകൊണ്ടും അതിന്റെ പിന്നിലെ ബുദ്ധിശൂന്യത മനസ്സിലാക്കാത്തതുകൊണ്ടുമാണ്‌. അത്‌ വിശദീകരിക്കുന്നതിന്‌ മുമ്പ്‌ മൂന്നാമത്തെ മാര്‍ഗം കൂടി പറയാം. മറ്റൊരാളെ വക്കാലത്ത്‌ (ഏല്‍പിക്കുക) ഇതിന്‌ വിശദമായ നിബന്ധനകളാണ്‌. അതെല്ലാം തെളിവാക്കിക്കൂടെ എന്നതാണ്‌ ഇപ്പോഴത്തെ ഇജ്‌തിഹാദ്‌. എന്നാല്‍ മേല്‍പറഞ്ഞത്‌ പോലെ വക്കാലത്തിന്റെ നിബന്ധനകള്‍ പാലിച്ച്‌ കമ്മിറ്റിയുണ്ടാക്കാന്‍ സാധ്യമല്ല. അതിനാല്‍ കമ്മിറ്റിക്ക്‌ തെളിവ്‌ അന്വേഷിക്കേണ്ടതില്ല. 

വേണ്ടത്ര മതവിജ്ഞാനമില്ലാത്ത സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച്‌ ചൂഷണം ചെയ്‌ത്‌ പാര്‍ട്ടി വളര്‍ത്തുന്ന കമ്മിറ്റിക്കാരുടെ വാദമുഖങ്ങള്‍ നമുക്കൊന്ന്‌ പരിശോധിക്കാം. സകാത്തിന്റെ അവകാശികളായി ഖുര്‍ആന്‍ എട്ട്‌ വിഭാഗങ്ങളെ പറഞ്ഞിട്ടുണ്ടല്ലൊ? അതില്‍ `ആമിലിന അലൈഹാ' (സകാത്തിന്‌ വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കും) എന്ന്‌ പറഞ്ഞപ്പോള്‍ പ്രവര്‍ത്തകരായി കുറച്ചുപേര്‍ ഉണ്ടാകണമെന്നും അവര്‍ക്ക്‌ വിഹിതം നല്‍കണമെന്നും വരുന്നില്ലേ? ഇത്‌ അവരുടെ വരികളിലൂടെ തന്നെ കാണുക. ``സകാത്ത്‌ വിതരണം ചെയ്യുവാന്‍ ഒരു സംഘം തന്നെ ഉണ്ടാവണമെന്നാണ്‌ `ആമിലുകള്‍' എന്ന്‌ ബഹുവചനം ഉപയോഗിച്ചുകൊണ്ട്‌ അല്ലാഹു പ്രഖ്യാപിക്കുന്നത്‌ (അല്‍ഇസ്‌ലാഹ്‌ 1998 ജനുവരി പേ 12) കമ്മിറ്റി വാദികളുടെ പ്രധാനവാദങ്ങളിലൊന്നാണിത്‌. വാസ്‌തവത്തില്‍ ഇസ്‌ലാമിന്‌ ന്യൂനതയും അപരാധവും വരുത്തിവെക്കുന്ന പതനത്തിലേക്കാണ്‌ ഈ നീക്കം. കാരണം `ആമിലിനെ'പോലെ ഖുര്‍ആന്‍ പറഞ്ഞ എട്ട്‌ വിഭാഗത്തില്‍ `രിഖാബ്‌' (മോചനപത്രം എഴുതപ്പെട്ട അടിമ) `ഫീ സബീലില്ലാഹ്‌' (അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നവര്‍) ഇവരെല്ലാം നമ്മുടെ രാജ്യത്തുണ്ടോ? അപ്പോള്‍ ആമിലിനെ എത്തിക്കാന്‍ കമ്മിറ്റിയുണ്ടാക്കിയവര്‍ അടിമകളെയും ഭടന്മാരെയും ഉണ്ടാക്കാന്‍ അടിമ സമ്പ്രദായം നടപ്പാക്കുകയും സാമുദായിക സംഘട്ടനങ്ങള്‍ സംഘടിപ്പിക്കുകയും വേണ്ടിവരില്ലെ? ഇതിലും വലിയ വങ്കത്തം വേറെയുണ്ടോ? അടിമത്തം അവസാനിപ്പിക്കാനും സാമുദായിക മൈത്രി കെട്ടിപ്പെടുക്കാനും വളരെ ത്യാഗം സഹിച്ച ഒരു മതത്തിന്റെ പിന്‍തലമുറക്കാരെന്ന്‌ അവകാശപ്പെടാന്‍ ഇവര്‍ക്കെന്ത്‌ അവകാശം? 

എന്നാല്‍ ഖുര്‍ആനും സുന്നത്തും വ്യാഖ്യാനിച്ചുകൊണ്ട്‌ കര്‍മശാസ്‌ത്ര പണ്ഡിതന്മാര്‍ എട്ട്‌ വിഭാഗങ്ങളില്‍ എത്തിക്കപ്പെട്ടവര്‍ക്ക്‌ എന്ന്‌ രേഖപ്പെടുത്തി കാണാം. ആയതിനാല്‍ എത്തിക്കപ്പെട്ട വിഭാഗത്തിന്‌ തുല്യമായി ഭാഗിക്കുകയല്ലാതെ ഇല്ലാത്ത വിഭാഗത്തെ ഉണ്ടാക്കേണ്ട ബാധ്യത നമുക്കില്ലെന്ന്‌ ഓര്‍ക്കേണ്ടതാണ്‌. 

കമ്മിറ്റി വാദക്കാരുടെ മറ്റൊരു അവകാശവാദം നോക്കൂ: ഇസ്‌ലാമിക ഭരണം ഇല്ലാത്ത പ്രദേശങ്ങളില്‍ ആമിലുകള്‍ ഉണ്ടാവുകയില്ലെന്ന്‌ ഏതെങ്കിലും തഫ്‌സീറിലോ മദ്‌ഹബിന്റെ കിതാബിലോ പ്രസ്‌താവിക്കുന്നില്ല (ആദര്‍ശ വൈകല്യങ്ങള്‍ പേ. 202) ഈ വങ്കത്തം എഴുതുന്നതിന്റെ പിന്നിലുള്ള ചോതവികാരം എന്തെന്നറിഞ്ഞുകൂടാ. കാരണം `വല്‍ ആമിലിന അലൈഹാ' എന്നതിനെക്കുറിച്ച്‌ അവരുടെ നേതാവിന്റെ തഫ്‌സീറില്‍ തന്നെ പറയുന്നത്‌ കാണുക: ``സമ്പന്നരില്‍നിന്ന്‌ സകാത്തിനെ ഒരുമിച്ച്‌ കൂട്ടാന്‍ വേണ്ടി ഇമാം അല്ലെങ്കില്‍ അയാളുടെ പ്രതിനിധി നിശ്ചയിക്കുന്നവര്‍ക്കാണ്‌ ആമില്‌ എന്ന്‌ പറയുന്നത്‌ (തഫ്‌സീറുല്‍ മനാര്‍ വാ: 10 പേ. 493) ഇവിടെ വ്യക്തമായിതന്നെ പറഞ്ഞു. ഇമാം ഇല്ലെങ്കില്‍ അയാളുടെ പ്രതിനിധി നിശ്ചയിക്കുന്നവര്‍ക്കാണ്‌ `ആമില്‍' എന്ന്‌ പറയുന്നതെന്ന്‌. നിശ്ചയിക്കാന്‍ ഇമാമില്ലാതിരുന്നാല്‍ അവിടെ ജോലിക്കാര്‍ ഉണ്ടാവുകയില്ലെന്ന്‌ വ്യക്തം. 

ഇനി അവരുടെ മറ്റൊരു വിവരക്കേട്‌ നോക്കൂ: ``ധനത്തിന്റെ ഉടമസ്ഥന്‍ നേരിട്ട്‌ നല്‍കുമ്പോള്‍ ബന്ധുക്കളെ പരിഗണിച്ച്‌ ശരിയായ അവകാശികളെ അവഗണിക്കുവാന്‍ സാധ്യതയുണ്ട്‌. പുറമേ ശരിയായ അവകാശികളെ കണ്ടെത്താനും ഖുര്‍ആന്‍ വിവരിച്ച എല്ലാ വകുപ്പുകളിലേക്കും ചെലവ്‌ ചെയ്യുവാനും പ്രയാസവുമായിരിക്കും.'' (ആദര്‍ശ വൈകല്യങ്ങള്‍ പേ. 203) ഇതിനെക്കുറിച്ച്‌ വിവരക്കേട്‌ എന്നല്ലാതെ എന്ത്‌ പറയാന്‍? കാരണം സ്വഹീഹുല്‍ ബുഖാരിയില്‍ ഇങ്ങനെ ഒരു തലവാചകം തന്നെ കാണാം: ``അടുത്ത കുടുംബങ്ങളുടെമേല്‍ സകാത്ത്‌ നല്‍കുന്നതിനെകുറിച്ച്‌ പറയുന്ന അദ്ധ്യായം.'' അതിന്‌ സേഷം ഇമാം ബുഖാരി(റ) പറയുന്നു: ``കുടുംബബന്ധം ചേര്‍ക്കുക, ദാനം ചെയ്യുക എന്നിങ്ങനെ രണ്ട്‌ പ്രതിഫലം അവനുണ്ടെന്ന്‌ നബി(സ്വ) പറഞ്ഞിരിക്കുന്നു (ബുഖാരി). മദ്‌ഹബിന്റെ ഇമാമുമാരും മറ്റും ഇത്‌ അംഗീകരിക്കുകയും ചെയ്‌തിരിക്കുന്നു(ശറഹുല്‍ മുഹദ്ദബ്‌ വാ. 6 പേ. 209). മാത്രമല്ല, ഇമാം സകാത്ത്‌ നല്‍കാന്‍ വിസമ്മതിച്ചവനില്‍നിന്നും പിടിച്ച്‌ വാങ്ങി അവകാശികള്‍ക്ക്‌ കൊടുക്കേണ്ടതാണ്‌. ഇത്‌ നബി(സ്വ) തങ്ങള്‍ക്ക്‌ മാത്രമല്ല, മറ്റു ഭരണാധികാരികള്‍ക്കും ചെയ്യാന്‍ ഇസ്‌ലാം അനുമതി നല്‍കിയിട്ടുണ്ട്‌. ഇന്ന്‌ കാണുന്ന കമ്മിറ്റിക്ക്‌ ഇത്‌ സാധ്യമാണോ? അതുപോലെ ഇമാം നിശ്ചയിക്കുന്ന ഖാസി ഇമാമിന്റെ പ്രതിനിധി മാത്രമാണ്‌. എന്നാല്‍ ഇന്നത്തെ ഖാസിമാര്‍ അഥവാ അഹ്‌ലുല്‍ ഹല്ലി വല്‍ അഖദ്‌ നിശ്ചയിക്കുന്ന ഖാസിമാര്‍ ഇമാമിന്റെയോ അഹ്‌ലുല്‍ ഹല്ലി വല്‍ അഖദിന്റെയോ പ്രതിനിധിയല്ല. ഇമാമിന്‌ ചെയ്യാന്‍ അധികാരമുള്ള കാര്യങ്ങളിലെല്ലാം ഇമാമിന്‌ പ്രതിനിധിയാക്കാം. എന്നാല്‍ ഇന്നത്തെ മഹല്ല്‌ കമ്മിറ്റി നിശ്ചയിക്കുന്ന ഖാസി കമ്മിറ്റിക്ക്‌ ചെയ്യാന്‍ അധികാരമുള്ള കാര്യങ്ങളില്‍ പ്രതിനിധിയാക്കുകയല്ല അതുപോലെ ഇമാമിന്റെ പ്രതിനിധിയുമല്ല. കൂടാതെ ഇന്ന്‌ ഖാസിയുടെ മസ്‌അലയില്‍ തൂങ്ങിയാല്‍ രക്ഷയില്ലെന്ന്‌ കണ്ടപ്പോള്‍ വക്കാലത്തിന്റെ പിന്നാലെയാണ്‌ കമ്മിറ്റിവാദക്കാര്‍ തൂങ്ങിയിരിക്കുന്നത്‌. വാസ്‌തവത്തില്‍ വക്കാലത്തിന്റെ വകുപ്പിലും ഇന്നത്തെ കമ്മിറ്റിയെ ഉള്‍പ്പെടുത്താന്‍ സാധ്യമല്ല. അതിന്‌ ദുര്‍വ്യാഖ്യാനവുമായി നടക്കുന്നവര്‍ വക്കാലത്തിന്റെ മസ്‌അലകളെ കുറിച്ച്‌ അജ്ഞരോ അജ്ഞത നടിച്ചവരോ ആണ്‌. വക്കീലിനും വക്കാലത്തിനും അതിനോടനുബന്ധിച്ച മറ്റു വിഷയങ്ങള്‍ക്കും നിരവധി നിബന്ധനകളുണ്ട്‌. ആ നിബന്ധനകള്‍ പാലിച്ച്‌ കമ്മിറ്റി ഉണ്ടാക്കുവാനോ അതനുസരിച്ച്‌ മുന്നോട്ടു പോവാനോ സാധ്യമല്ല. ഇനി ഏതെങ്കിലും വിധേന ആ നിബന്ധനകള്‍ ഒത്തുവന്നാല്‍പോലും ഉത്തമമായതിന്‌ എതിരാണെന്നത്‌ കാരണം സ്വയം നല്‍കലാണ്‌ ഉത്തമം. ഇത്‌ കര്‍മശാസ്‌ത്രപണ്ഡിതന്മാരെല്ലാം രേഖപ്പെടുത്തിയതാണ്‌ (ശറഹുല്‍ മുഹദ്ദബ്‌ വാ. 6 പേ. 148, മുഗ്‌നി വാ: 1, പേ. 558) 

ചുരുക്കത്തില്‍ അവഗണനാ മനോഭാവത്തോടെ സാധുസംരക്ഷണം എന്ന മാനദണ്ഡംവെച്ച്‌ ചിന്തിച്ചതാണ്‌ പലരേയും ഈ പദ്ധതിയിലേക്ക്‌ നയിച്ചത്‌. വെറും സാധുസംരക്ഷണം മാത്രമാണ്‌ സക്കാത്ത്‌ നിര്‍ബന്ധമാക്കിയതിലുള്ള യുക്തി എന്ന്‌ ചിന്തിച്ചവര്‍ക്ക്‌ പിഴവ്‌ സംഭവിച്ചിരിക്കുന്നു. ആ ചിന്ത നാം മാറ്റിയെടുക്കണം. സകാത്തിന്റെ ഉദ്ദേശ്യം വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പറയുന്നത്‌ കാണാം: ``നിങ്ങള്‍ നിസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുക, സകാത്ത്‌ കൊടുക്കുക. ഓ (നബിയുടെ) വീട്ടുകാരെ തീര്‍ച്ചയായും അല്ലാഹു ഉദ്ദേശിക്കുന്നത്‌ നിങ്ങളില്‍നിന്ന്‌ മാലിന്യം നീക്കുന്നതിനും നിങ്ങളെ ശുദ്ധീകരണം നടത്താനുമാണ്‌ (അഹ്‌സാബ്‌ 33). ഹദീസിലൂടെയും ഇത്‌ നമുക്ക്‌ കാണാം. റസൂല്‍(സ്വ)യുടെ സന്നിധിയില്‍ വന്ന്‌ ഒരാള്‍ ആവശ്യപ്പെട്ടു: സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന ഒരു പ്രവര്‍ത്തി പറഞ്ഞതന്നാലും. അവിടുന്ന്‌ പറഞ്ഞു: താങ്കള്‍ യാതൊന്നിനെയും അല്ലാഹുവിനോട്‌ പങ്ക്‌ ചേര്‍ക്കാതെ അവനെ ആരാധിക്കുക. നിസ്‌കാരം കൃത്യമായി നിര്‍വഹിക്കുകയും സകാത്ത്‌ കൊടുക്കുകയും ചെയ്യുക (ബുഖാരി). ഇത്തരം നിരവധി തെളിവുകളെകൊണ്ട്‌ സകാത്ത്‌ ഒരു ഇബാദത്താണെന്നും അതിന്റെ പരിശുദ്ധിയെ സംരക്ഷിക്കേണ്ടത്‌ മുസ്‌ലിംകളുടെ ബാധ്യതയാണെന്നും വെറും സാമ്പത്തിക ചിന്തയില്‍ കറക്കി ഫസാദാക്കുവാനുള്ളതല്ലെന്നും മനസ്സിലാക്കാം. 

അതിനാല്‍ ഇസ്‌ലാമിന്റെ പഞ്ചസ്‌തംഭങ്ങളില്‍ അതിപ്രധാനമായ ഇബാദത്തെന്ന നിലയില്‍ അതിന്റെ നിബന്ധനകളും നിര്‍ബന്ധഘടകങ്ങളും മറ്റും ശരിക്കും ഗ്രഹിക്കുകയും വെറും കടമ നിര്‍വഹണത്തില്‍ കവിഞ്ഞ്‌ അതിന്‌ നിശ്ചയിക്കപ്പെട്ട പ്രതിഫലം നഷ്‌ടപ്പെട്ട്‌ പോകാതിരിക്കാന്‍ ആവുംവിതം ശ്രമിക്കുകയും സൂക്ഷ്‌മത പുലര്‍ത്തുകയും ചെയ്യേണ്ടതുണ്ട്‌. നാഥന്‍ അനുഗ്രഹിക്കട്ടെ- ആമീന്‍. 

രാത്രി ജീവികുന്നവര്‍ 

നിലാവെളിച്ചത്ത്‌ പുറത്തിറങ്ങിയ കോഴികളെപോലെയാണ്‌ ഒരുപറ്റം മുസ്‌ലിം യുവാക്കളില്‍ ആരോഗ്യവും ചിന്തയും ഉപയോഗിച്ച്‌ വല്ലതും ചെയ്യേണ്ട സമയത്ത്‌ മയക്ക്‌ മരുന്നോ, കഞ്ചാവോ അടിച്ച്‌ ബസ്‌്‌റ്റാന്റുകളിലോ, നിരത്തുകളിലോ ലക്കും ലഗാനുമില്ലാതെ കിടക്കുന്നത്‌ ഇന്ന്‌ ഒരു പതിവ്‌ തെരുവോരക്കാഴ്‌ചയാണ്‌. ആരെയും ഗൗനിക്കാതെയും ശ്രദ്ധിക്കാതെയുമുള്ള അവരുടെ സുഖനിദ്ര നമ്മെ അലോസരപ്പെടുത്താറില്ലെങ്കിലും അങ്ങനെ കിടക്കുന്നവരില്‍ അധികപേരും മുസ്‌ലിംകളാണെന്ന്‌ അറിയുമ്പോഴാണ്‌ നമ്മുടെ ഉള്ളൊന്ന്‌ പിടയ്‌ക്കുക.

മുസ്‌ലിം യുവതലമുറയുടെ യുവത്വത്തിന്റെ സിംഹഭാഗവും ചെലവഴിക്കപ്പെടുന്നത്‌ ഇന്ന്‌ നിശാക്ലബ്ബുകളിലും റസ്റ്റോറന്റുകളിലുമാണ്‌. പകലില്‍ മലര്‍ക്കെ തുറന്ന്‌ വെച്ചിട്ടും ശൂന്യമായി കിടക്കുന്ന റസ്റ്റോറന്റുകളും ഫാസ്റ്റ്‌ഫുഡ്‌ കേന്ദ്രങ്ങളും പാതിരാ നേരത്ത്‌ ജനബാഹുല്യംകൊണ്ട്‌ തിങ്ങിവിങ്ങുകയാണ്‌. ഇത്തരം കേന്ദ്രങ്ങളുടെ മുന്നിലൂടെ കടന്ന്‌പോകുന്ന ഏതൊരാള്‍ക്കും ഉത്സവപറമ്പിലെത്തിയ പ്രതീതിയാണുണ്ടാകുക. ഇരുട്ട്‌ പരന്ന്‌ തുടങ്ങുമ്പോഴേക്ക്‌ പലവിധവര്‍ണ്ണങ്ങളിലുള്ള വാഹനങ്ങള്‍കൊണ്ട്‌ നിരത്തുകള്‍ പൊറുതിമുട്ടുകയാണിന്ന്‌. പിന്നെ തലങ്ങും വിലങ്ങും കൂകിപ്പാച്ചിലുകളാണ്‌. സൂചികുത്താനിടമില്ലാതെ ഉപഭോക്താക്കളും അവരെ സ്വീകരിക്കേണ്ട റസ്റ്റോറന്റ്‌ ജീവനക്കാരും നെട്ടോട്ടമോടുന്ന കാഴ്‌ച ഇന്ന്‌ പ്രബുദ്ധകേരളക്കരക്ക്‌ പുത്തരിയല്ലാതായിരിക്കുന്നു. പണ്ടൊക്കെ ഇരുട്ട്‌ കനക്കുംമുമ്പേ ലൈറ്റണച്ചിരുന്ന ഇത്തരം കടകള്‍ ഇന്ന്‌ നേരം പുലരുവോളം പ്രവര്‍ത്തിച്ച്‌കൊണ്ടിരിക്കുകയാണ്‌.

മുമ്പ്‌ ദീനി സദസ്സുകളിലും മറ്റും മാത്രം കണ്ട്‌ വന്നിരുന്ന വലിയ ജനക്കൂട്ടങ്ങള്‍ ഇന്ന്‌ റസ്റ്റോറന്റുകളിലും ഫാസ്റ്റ്‌ഫുഡ്‌ കേന്ദ്രങ്ങളിലും തങ്ങളുടെ വിലപ്പെട്ട സമയം തുലച്ച്‌കൊണ്ടിരിക്കുകയാണ്‌. നാട്ടില്‍ ഒരു മതപ്രഭാഷണപരിപാടി സംഘടിപ്പിക്കുകയാണെങ്കില്‍ അത്‌ കേള്‍ക്കാനാളില്ല എന്നാല്‍ ഇത്തരത്തിലുള്ള വല്ല കേന്ദ്രവും തുറക്കുകയാണെങ്കില്‍ അവ വിജയിപ്പിക്കാന്‍ ആയിരങ്ങളുണ്ട്‌. അതിലും മുസ്‌ലിം യുവതയ്‌ക്ക്‌ തന്നെ അധീശത്വം വര്‍ണ്ണശബളിമയില്‍ പരിലസിക്കുന്ന ഫാസ്റ്റ്‌ഫുഡ്‌ കേന്ദ്രങ്ങള്‍ തങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണെന്ന സത്യം യുവത മറന്ന്‌ കൂട. തന്റെ മതത്തിന്റെ അന്തസ്സിനും ഉയര്‍ച്ചയ്‌ക്കും വേണ്ടി അഹോരാത്രം പരിശ്രമിക്കാന്‍ യുവാക്കള്‍ മുന്നോട്ട്‌ വരണം വിഡ്‌ഢി പരിശകളുടെ സംഘമായി അധ:പതിക്കരുത്‌.

നിന്റെ സമയം എന്തിന്‌ വേണ്ടി ചെലവഴിച്ചു? എന്ന ചോദ്യത്തിന്‌ നാളെ എന്ത്‌ മറുപടി പറയേണ്ടിവരും എന്ന്‌ എല്ലാവരും ചിന്തിക്കുന്നത്‌ വളരെയധികം നന്നായിരിക്കും.

ഷംസുദ്ദീന്‍വെള്ളില