സാമ്പത്തിക സന്തുലിതത്വത്തിന്‌

ഹസന്‍. ടി. കരുവാരകുണ്ട്‌

ഏറ്റവും പുതിയ കണക്ക്‌ പുറത്തുവന്നപ്പോള്‍ ലോകജനസംഖ്യ 689 കോടി കവിഞ്ഞിട്ടുണ്ട്‌. ഇത്രയും കോടി ജനങ്ങളില്‍, അന്താരാഷ്‌ട്ര ദാരിദ്ര്യരേഖയനുസരിച്ച്‌, 1.25 ഡോളര്‍ വരുമാനമില്ലാത്ത ദിരിദ്രര്‍ 140 കോടിയാണ്‌. വേള്‍ഡ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇക്കണോമിക്‌സിന്റെ പഠന റിപ്പോര്‍ട്ട്‌ പ്രകാരം 90കോടി ജനങ്ങല്‍ വിശപ്പടക്കാതെയാണ്‌ അന്തിയുറങ്ങാന്‍ ഒരുങ്ങുന്നത്‌. ആക്ഷന്‍ എയ്‌ഡ്‌ ഇന്റര്‍നാഷണലിന്റെ അഭിപ്രായ പ്രകാരം ഓരോ ആറ്‌ സെക്കന്റിലും ഒരു കുഞ്ഞ്‌ എന്ന കണക്കില്‍ പോഷകാഹാരക്കുറവ്‌ മൂലം മരണത്തെ അഭിമുഖീകരിക്കുന്നു. മറ്റൊരു കണക്ക്‌ സൂചിപ്പിക്കുന്നത്‌ ലോകത്തിലെ ആറില്‍ ഒരാള്‍ ആഹാരത്തിന്‌ വകയില്ലാതെ കഷ്‌ടപ്പെടുന്നുവെന്നാണ്‌. ഡബ്ല്യു.എഫ്‌.പിയുടെ കണക്കനുസരിച്ച്‌ 200 ലക്ഷത്തിലേറെ കുട്ടികള്‍ ഭക്ഷ്യക്ഷാമത്തെ അഭിമുഖീകരിക്കുന്നു. 



80ലക്ഷം മുതല്‍ ഒരു കോടിവരെ ജനങ്ങള്‍ മുഴുപട്ടിണിയില്‍ കഴിയുന്ന സോമാലിയ, എതോപ്യ, എരിത്രിയ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലെ 200 അഭയാര്‍ത്ഥികള്‍, യാത്രചെയ്‌തിരുന്ന നാടന്‍ ബോട്ട്‌ കത്തി മരണമടഞ്ഞത്‌ ഇക്കഴിഞ്ഞ ജൂലൈ അഞ്ചിനാണ്‌. പട്ടിണിയകറ്റാന്‍ ചെങ്കടലിന്റെ മറുകരയിലെ സൗദി അറേബ്യയിലേക്കുള്ള യാത്രാ മധ്യേയാണ്‌ ദുരന്തം സംഭവിച്ചത്‌. വരള്‍ച്ചയും ക്ഷാമവും മൂലം ഭക്ഷ്യസാധനങ്ങള്‍ക്ക്‌ ഇരട്ടിയിലധികം വില ഈടാക്കുന്ന ഈ രാജ്യങ്ങളില്‍ തീ വിലക്കും ഭക്ഷ്യവസ്‌തുക്കള്‍ ലഭ്യമല്ലെന്നാണ്‌ അവിടങ്ങളില്‍ നിന്നും ലഭ്യമാവുന്ന വിവരം. ഉത്തര കൊറിയയിലെ അഭയാര്‍ത്ഥി ദിനംപ്രതി 1200 കുട്ടികളാണത്രെ എത്തിക്കൊണ്ടിരിക്കുന്നത്‌. യു.എന്‍. സഹായത്തോടെ നടന്നുവരുന്ന ഈ ക്യാമ്പുകളില്‍ തൊണ്ണൂറായിരം പേരെ സംരക്ഷിക്കാനുള്ള സൗകര്യമേ ഉള്ളൂ. ഇതിനകം അവിടെ എത്തിപ്പെട്ടവരാവട്ടെ മുന്നേമുക്കാല്‍ ലക്ഷത്തിലധികവും. 1984-85ല്‍ എതോപ്യയില്‍ മാത്രം പട്ടിണി മൂലം പത്തുലക്ഷം പേരാണ്‌ മരണമടഞ്ഞത്‌. അധിനിവേഷ അഫ്‌ഗാനില്‍ ഐക്യരാഷ്‌ട്രസഭയുടെ കണക്കുപ്രകാരം........തുടര്‍ന്ന്  വായികുക 
ഒരു കോടിയാളുകള്‍ ക്ഷാമ ബാധിതരാണ്‌. ഭക്ഷ്യ സുരക്ഷയില്ലാത്തവരുടെ എണ്ണം എഴുപത്തി മൂന്ന്‌ ലക്ഷവും. വിദൂരമല്ലാത്ത ഭാവിയില്‍ അഴുപത്തി മൂന്ന്‌ ലക്ഷത്തില്‍ നിന്ന്‌ ആ കണക്ക്‌ 30 ലക്ഷം കോടിയിലെത്തുമെന്നാണ്‌ യു.എന്‍. റിപ്പോര്‍ട്ട്‌. 
ലോകത്ത്‌ ദാരിദ്ര്യവും പട്ടിണിയും വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌ ജനസംഖ്യയുടെ ആധിക്യമാണ്‌. ധാര്‍മികതയോടും യാഥാര്‍ത്ഥ്യത്തോടും ഈ വാദത്തിന്‌ പുലബന്ധംപോലുമില്ല. ``ഭൂമിയിലുള്ള ഒരു ജീവിക്കെങ്കിലും ആഹാരം നല്‍കുവാനുള്ള ഉത്തരവാദിത്തം അല്ലാഹു ഏറ്റെടുക്കാതിരുന്നിട്ടില്ല''(ഹൂദ്‌ 6) എന്നാണ്‌ ഖുര്‍ആന്റെ പ്രഖ്യാപനം. ഇതുസംബന്ധമായി ഗവേഷണം നടത്തിയ പലരും ഖുര്‍ആന്റെ അധ്യാപനത്തെ ശരിപ്പെടുത്തുന്നതായി കാണാം. ഭൂമിയില്‍ ജീവിക്കുന്നവരുടെ എണ്ണം വര്‍ധിച്ചത്‌ കൊണ്ടോ കാലാവസ്ഥയിലെ താളപ്പിഴകൊണ്ടോ അല്ല ദാരിദ്ര്യം ഉണ്ടാകുന്നത്‌. മറിച്ച്‌ ഭൂലോകത്തെ ഭക്ഷ്യ ശേഖരം മുഴുവന്‍ ഒരു കൂട്ടം ധനികര്‍ ഉപയോഗിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്‌ കൊണ്ടാണ്‌ പട്ടിണിയും ദാരിദ്ര്യവും നാള്‍ക്കുനാള്‍പെരുകുന്നതെന്നാണ്‌ അമേരിക്കന്‍ ശാസ്‌ത്രജ്ഞനായ ഡോ. സൂസന്‍ ജോര്‍ജ്‌ അഭിപ്രായപ്പെടുന്നത്‌. ലോകത്ത്‌ ആവശ്യമുള്ളത്ര വിഭവങ്ങള്‍ ഉല്‍പാദിപ്പിക്കെപ്പെടുന്നുണ്ടെന്നും വിതരണം നീതിപൂര്‍വവും ശാസ്‌ത്രീയവുമല്ലാത്തതാണ്‌ പ്രശ്‌നമെന്നും ബെര്‍ണഡ്‌ഗിലന്റെ, റോജര്‍ വൈല്‍ എന്നിവര്‍ വെളിപ്പെടുത്തുന്നുണ്ട്‌. 
ലോകത്തിലെ പ്രായപൂര്‍ത്തിയായ മനഷ്യരുടെ എണ്ണത്തിന്റെ ഒരു ശതമാനം മാത്രമുള്ള കോടീശ്വരന്മാരാണ്‌ ലോക സമ്പത്തിന്റെ 40 ശതമാനം കൈവശപ്പെടുത്തിയിരിക്കുന്നത്‌. പത്തു ശതമാനത്തിന്റെ കൈയിലാണ്‌ ലോക ആസ്‌തിയുടെ 85 ശതമാനമുള്ളത്‌. ഇവരില്‍ മൂന്നില്‍ ഒരു ഭാഗം വാഴുന്നത്‌ അമേരിക്ക, ഫ്രാന്‍സ്‌, ഇംഗ്ലണ്ട്‌, ജപ്പാന്‍ എന്നീ രാജ്യങ്ങളിലാണ്‌. ദരിദ്ര രാജ്യങ്ങളിലെ പ്രായപൂര്‍ത്തിയായ മനുഷ്യരില്‍ പകുതി പേര്‍ക്കും ലഭിക്കുന്നത്‌ ലോക സമ്പത്തിന്റെ ഒരു ശതമാനം മാത്രമാണത്രെ. വേള്‍ഡ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഡവലപ്‌മെന്റ്‌ ഇക്കണോമിക്‌സ്‌ നടത്തിയ പഠനമാണ്‌ സമ്പത്തിന്റെ അമിത കേന്ദ്രീകരണത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഞെട്ടിപ്പിക്കുന്ന ഈ വിവരം പുറത്തുവിട്ടത്‌. 
40 കോടി പട്ടിണിപ്പാവങ്ങളുള്ള ഇന്ത്യയില്‍ 500 കോടി രൂപയുടെ ഗോതമ്പും പയര്‍ വര്‍ഗങ്ങളും കന്നുകാലികള്‍ക്ക്‌ പോലും പറ്റാത്തവിധം നിഷ്‌ഫലമാക്കിക്കളഞ്ഞതിന്‌ പരമോന്നത നീതിപീഠം ഗവണ്‍മെന്റിനെ ഈയിടെ ശാസിക്കുകയുണ്ടായി. ഇതുപോലെ അമേരിക്കയില്‍ ഉല്‍പാദിപ്പിക്കുന്ന ചോളത്തിന്റെ മൂന്നില്‍ ഒരുഭാഗം ജൈവ ഇന്ധനത്തിനാണ്‌ ഉപയോഗിക്കുന്നത്‌. ഈ ഹൃസ്വ വിശകലനത്തില്‍ നിന്നും ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും കാരണങ്ങള്‍ ഗ്രാഹ്യമാണല്ലോ. ഈ ദുരവസ്ഥയില്‍നിന്ന്‌ ലോകത്തെ സംരക്ഷിക്കാന്‍ പല സാമ്പത്തിക നയങ്ങളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. അല്‍ബേനിയ, റഷ്യ, റുമേനിയ തുടങ്ങിയ പല രാജ്യങ്ങളുടെയും സാമ്പത്തികാടിത്തറ തകര്‍ത്ത പിരമിഡ്‌ സ്‌കീം ദാരിദ്ര്യവും പട്ടിണിയും നിര്‍മാര്‍ജനം ചെയ്യപ്പെടാന്‍ വേണ്ടി ആവിഷ്‌കരിക്കപ്പെട്ടതായിരുന്നു. നമുക്ക്‌ സുപരിചിതമായ ആര്‍.എം.പി., ആംവേ, ബിസേര്‍, ടൈക്കൂണ്‍, നാനോ എക്‌സല്‍, മോഡികെയര്‍, അജന്ത കെയര്‍, കോണിബയോ, ഗുഡ്‌വേ തുടങ്ങിയ മള്‍ട്ടിലെവല്‍ മാര്‍കറ്റിംഗിന്റെ പടിഞ്ഞാറന്‍ രൂപഭേദമാണ്‌ പിരമിഡ്‌ സ്‌കീം. നെറ്റ്‌ വര്‍ക്ക്‌ മാര്‍ക്കറ്റിംഗ്‌ കമ്പനികള്‍ തീര്‍ത്ത മോഹവലയങ്ങളില്‍ വഞ്ചിതരായതില്‍ അധികവും നിത്യ ജീവിതം തള്ളിനീക്കാന്‍ പാടുപെടുന്നവരാണ്‌. ദാരിദ്ര്യത്തിന്റെ പിടിയില്‍ നിന്ന്‌ എങ്ങനെയങ്കിലും രക്ഷപ്പെടാന്‍ വേണ്ടിയാണ്‌ അവര്‍ ഇത്തരം കമ്പനികളില്‍ അഭയം തേടിയത്‌. സ്വപ്‌ന ജീവികളായ ഇത്തരക്കാര്‍ ചൂഷണം ചെയ്യപ്പെടുക മാത്രമല്ല, സ്വന്തമെന്ന്‌ പറയപ്പെടാവുന്നതൊക്കെ നഷ്‌ടപ്പെടുത്തുകയും ചെയ്‌തു. 
ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും സാമ്പത്തിക സമത്വത്തിനും വേണ്ടി അവതരിപ്പിക്കപ്പെട്ട സോഷ്യലിസത്തിന്‌ ലക്ഷ്യവും മാര്‍ഗവും ഒരുപോലെ പിഴച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കാപിറ്റലിസത്തിന്റെ ചൂഷണങ്ങള്‍ക്കും കമ്യൂണസിത്തിന്റെ ദുര്‍വാശിക്കുമിടയില്‍ മറ്റൊരു സാമ്പത്തികബദല്‍ സംവിധാനത്തിനേ ലോകത്തിന്റെ പരാധീനതകള്‍ ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ. ആ ബദല്‍ സിദ്ധാന്തമാണ്‌ ഇസ്‌ലാമിലെ സാമ്പത്തിക വ്യവസ്ഥ. സാമ്പത്തിക ചൂഷണമോ അസാധ്യമായ സമത്വമോ ഇസ്‌ലാം അംഗീകരിക്കുന്നില്ല. രണ്ടിനെയും ഒരുപോലെ നിരാകരിക്കുകയാണ്‌ ചെയ്യുന്നത്‌. 
ബനൂ ഖുറൈളയില്‍ നിന്നും സംഘട്ടനമില്ലാതെ പിടിച്ചെടുത്ത സമ്പത്തിന്റെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം അല്ലാഹുവിനും അതിന്റെ കൈവശാവകാശം റസൂലിനും അടുത്ത കുടുംബങ്ങള്‍ക്കും അനാധര്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കുമാണന്ന്‌ വിശദീകരിച്ച ശേഷം അതിന്റെ കാരണം അല്ലാഹു പറയുന്നത്‌ ``ധനികര്‍ക്കിടയില്‍ സമ്പത്ത്‌ കൈമാറ്റം ചെയ്യപ്പെടാതിരിക്കാന്‍ വേണ്ടിയാണിത്‌'' എന്നാണിത്‌. ഇസ്‌ലാമിലെ ധനതത്വശാസ്‌ത്രത്തിന്റെ അടിസ്ഥാനമായി ഈ ഖുര്‍ആന്‍ വാക്യത്തെ നമുക്കവതരിപ്പിക്കാനാവും. സമ്പത്ത്‌ ഒരാളില്‍ കേന്ദ്രീകരിച്ച്‌ അതുകൊണ്ട്‌ മറ്റുള്ളവര്‍ക്ക്‌ ഉപകാരം ലഭിക്കാതെ പോവുന്നതിനെ ഇസ്‌ലാം വിലക്കിയിട്ടുണ്ട്‌. സകാത്ത്‌, സ്വദഖ, ഭക്ഷണില്ലാത്തവര്‍ക്ക്‌ ഭക്ഷണം നല്‍കല്‍, വസ്‌ത്രം നല്‍കല്‍ ഇതിനെല്ലാം ഇസ്‌ലാം വലിയ പുണ്യം കല്‍പിച്ചിട്ടുണ്ട്‌. എണ്ണമറ്റ ഹദീസുകളില്‍ നിര്‍ബന്ധമായ സകാത്തിനെ സംബന്ധിച്ച്‌ നബി(സ) പരാമര്‍ശിച്ചിട്ടുണ്ട്‌. ഖുര്‍ആനില്‍ മുപ്പത്‌ തവണയാണ്‌ സകാത്ത്‌ എന്ന പദം ആവര്‍ത്തിച്ചിട്ടുള്ളത്‌. നിസ്‌കാരം, നോമ്പ്‌, ഹജ്ജ്‌ തുടങ്ങിയ ഇബാദത്തുകളില്‍ പുലര്‍ത്തുന്ന കണിശത പലപ്പോഴും സകാത്തില്‍ നാം കാണിക്കാറില്ല. അവയാവട്ടെ അല്ലാഹുവിനോടുമാത്രം ചെയ്‌തു തീര്‍ക്കേണ്ട ബാധ്യതകളാണ്‌. സകാത്ത്‌ ഒരു ഇബാദത്ത്‌ മാത്രമല്ല, അതിന്റെ അവകാശികളുടെ അവകാശം കൂടിയാണ്‌. മനുഷ്യന്റെ ബാധ്യത കൂടി അതിലുണ്ടെന്ന്‌ വ്യക്തം. സകാത്തിലൂടെ മാത്രം ദാരിദ്ര്യ നിര്‍മാര്‍ജനവും സുഭിക്ഷതയും സമ്പൂര്‍ണമാക്കാന്‍ ഒരുപക്ഷേ കഴിഞ്ഞെന്നുവരില്ല. അതിനാണ്‌ ഐച്ഛിക ദാനങ്ങളെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നത്‌. ജീവിത വിഭവങ്ങള്‍ പാഴാക്കിക്കളയുന്നതിനെ നബി(സ) പലപ്പോഴും വിലക്കിയതായി ഹദീസുകളില്‍ കാണാം. അതിലുള്ള ധാര്‍മിക പ്രശ്‌നങ്ങളെ മാത്രം കണക്കിലെടുത്തല്ല നബി(സ) അങ്ങനെ കല്‍പിച്ചത്‌. മറിച്ച്‌ സാമൂഹ്യമായി നിരവധി സന്ദേശങ്ങള്‍ അത്തരം ഹദീസുകളില്‍ നമുക്ക്‌ വായിക്കാനാവും. 
ജാബിറി(റ)ല്‍ നിന്ന്‌ നിവേദനം: നബി(സ) പറഞ്ഞു. നിങ്ങളില്‍ ഒരാളുടെ പക്കല്‍ നിന്ന്‌ അല്‍പം ഭക്ഷണം വീണുപോയാല്‍ അവനത്‌ എടുക്കുകയും അഴുക്കുകള്‍ നീക്കി ഭക്ഷിക്കുകയും ചെയ്യട്ടെ. പിശാചിനുവേണ്ടി അതവന്‍ ഉപേക്ഷിക്കരുത്‌. വിരലുകള്‍ നക്കിത്തുടക്കും വരെ ടവ്വല്‍ ഉപയോഗിച്ചു അവകളെ തുടക്കരുത്‌. കാരണം ഭക്ഷണത്തില്‍ എവിടെയാണ്‌ ബര്‍കത്ത്‌ എന്ന്‌ നിങ്ങള്‍ക്കറിയില്ല (മുസ്‌ലിം). 
സാമ്പത്തിക രംഗത്ത്‌ ശാസ്‌ത്രീയവും പ്രായോഗികവുമായ സമാഹരണ നിര്‍വഹണ സമ്പ്രദായം ഏര്‍പ്പെടുത്തിയതുകൊണ്ടാണ്‌ രണ്ടാം ഉമര്‍ എന്നറിയപ്പെടുന്ന അമവീ ഭരണാധികാരി ഉമര്‍ബിന്‍ അബ്‌ദുല്‍ അസീസിന്റെ കാലത്ത്‌ സമ്പൂര്‍ണ ദാരിദ്ര്യ നിര്‍മാര്‍ജനം സാധ്യമായത്‌. ഇസ്‌ലാമിന്റെ സാമ്പത്തിക വീക്ഷണം സാര്‍വത്രികമായി നടപ്പില്‍ വരുത്താന്‍ സാധിക്കുന്ന പക്ഷം ദാരിദ്ര്യ മുക്തരായ ഒരു നവലോകത്തെ നമുക്ക്‌ സ്വപ്‌നം കാണാം.




കടപാട് :- സത്യധാര